കവരത്തി: ലക്ഷദ്വീപിന്റെ കുട്ടി ശാസ്ത്രജ്ഞൻ കൽപ്പേനി ദ്വീപ് സ്വദേശി മുഹമ്മദ് മെഹബൂബിന് ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജരുടെ അഭിനന്ദനം. സ്വന്തമായി വിമാനം രൂപകൽപ്പന ചെയ്ത് നിർമ്മിക്കുകയും അത് വിജയകരമായി കൽപ്പേനി ഹെലിപാഡിൽ പറത്തുകയും ചെയ്ത മുഹമ്മദ് മെഹബൂബ് വിദ്യാർത്ഥികൾക്കായി ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രത്യേക പ്രശംസ പിടിച്ചുപറ്റിയത്.
വിദ്യാർത്ഥികൾക്കായി ബഹിരാകാശ പഠന ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിൽ കവരത്തിയിൽ എക്സിബിഷൻ സംഘടിപ്പിച്ചു. ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ എക്സിബിഷന് പുറമെ, പാനൽ ചർച്ചയും, ഡോക്യുമെന്ററി പ്രദർശനവും നടന്നു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ എസ്.സോമനാഥ് വീഡിയോ കോൺഫറൻസ് വഴി വിദ്യാർത്ഥികളോട് സംവദിച്ചു. ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തത് ഉൾപ്പെടെ ഐ.എസ്.ആർ.ഒയുടെ അഭിമാനമായ നേട്ടങ്ങൾ വഴി സമസ്ത മേഖലകളിലുമുള്ള ജനങ്ങളുടെ അക്കാദമിക, ശാസ്ത്ര വികസന, ബിസിനസ് മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി ഡോ സോംനാഥ് പറഞ്ഞു.
“ചന്ദ്രനെ തൊട്ട്, ഒപ്പം ജീവനെയും തൊട്ട്, ഇന്ത്യയുടെ ശൂന്യാകാശ ശാഖ” എന്ന പ്രമേയത്തിൽ ആഗസ്റ്റ് 23-ന് ദേശീയ ശൂന്യാകാശ ദിവസം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ ആഴ്ചയിൽ കേരള, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വിവിധ പരിപാടികളാണ് ഐ.എസ്.ആർ.ഒയും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്നത്.
കവരത്തിയിൽ നടന്ന ചടങ്ങ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സന്ദീപ് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് പൊലെ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിൽ സാറ്റലൈറ്റ് സേവനങ്ങളുടെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. വി.എസ്.എസ്.സി ഡയരക്ടർ എസ്.ഉണ്ണികൃഷ്ണൻ നായർ ഓൺലൈനായി പങ്കെടുത്തു. കവരത്തി, മിനിക്കോയ്, ബിത്ര, കിൽത്താൻ, കടമത്ത് ദ്വീപുകളിലെ 250 ഓളം വിദ്യാർഥികളെ അദ്ദേഹം അഭിസംബോധന ചെയ്തു.
ചന്ദ്രനിലേക്കുള്ള ഇന്ത്യൻ ദൗത്യങ്ങളെ ആസ്പദമാക്കിയുള്ള എക്സിബിഷനും, ചന്ദ്രനെ കുറിച്ച് പ്രദർശിപ്പിച്ച ഡോക്യുമെന്ററിയും ശ്രദ്ധേയമായി. സാറ്റലൈറ്റ് ലോഞ്ചിംഗിനെ കുറിച്ച് വി.എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടർ വി.അശോക് സംസാരിച്ചു. എൽ.പി.എസ്.സി അസോസിയേറ്റ് ഡയറക്ടർ ആർ.ഹുട്ടൻ, ഐ.ഐ.എസ്.ടിയുടെ ഡീനും രജിസ്റ്റാറുമായ കുരുവിള ജോസഫ്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്ത ആഗസ്റ്റ് 23 ദേശീയ ശൂന്യാകാശ ദിനമായി കേന്ദ്ര സർക്കാർ ആചരിക്കുകയാണ്.