
കൊച്ചി: ലക്ഷദ്വീപിലെ ‘മുക്ത്യാർ’ സമ്പ്രദായം നിർത്തലാക്കണമെന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ കേരള ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശത്തെ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസിലാണ് അസോസിയേഷൻ ഈ ആവശ്യം ഉന്നയിച്ചത്.
ദ്വീപുകളിലെ പരമ്പരാഗത നിയമങ്ങളെക്കുറിച്ച് പരിചയമുള്ള മുക്ത്യാർമാർക്ക്, പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് നിയമനടപടികളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. സാധാരണയായി വിരമിച്ച സർക്കാർ ജീവനക്കാരാണ് മുക്ത്യാർമാരായി പ്രവർത്തിക്കുന്നത്. ക്രിമിനൽ കേസുകളിൽ പോലും ഇവർ നേരിട്ട് കക്ഷികളെ സമീപിച്ചാണ് രേഖകൾ തയ്യാറാക്കുന്നത്.
മുക്ത്യാർമാർക്ക് കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തതിനാൽ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ ഇത് ഭീഷണിയാണെന്ന് അസോസിയേഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. യോഗ്യതയുള്ള അഭിഭാഷകർ ദ്വീപുകളിൽ ലഭ്യമായതിനാൽ മുക്ത്യാർമാരുടെ സേവനം ആവശ്യമില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ ഹൈക്കോടതിയെ സഹായിക്കാൻ നിയമിച്ച അമിക്കസ് ക്യൂറി എനോക് ഡേവിഡ് സൈമൺ ജോയലും മുക്ത്യാർ സമ്പ്രദായം ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നിലവിലുള്ള മുക്ത്യാർമാരുടെ ക്ഷേമം ഉറപ്പാക്കാൻ ഒരു പദ്ധതി കൊണ്ടുവരണമെന്നും, അവരെ മധ്യസ്ഥത പോലുള്ള ബദൽ തർക്കപരിഹാര മാർഗ്ഗങ്ങളിൽ ഉപയോഗിക്കാമെന്നും അമിക്കസ് ക്യൂറി നിർദ്ദേശിച്ചു.
ഈ കേസിൽ കക്ഷി ചേരാൻ ലക്ഷദ്വീപ് മുക്ത്യാർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിശ്ചിത വർഷം പരിചയമുള്ള മുക്ത്യാർമാരെ അഭിഭാഷകരായി പരിഗണിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടേക്കും.
