കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കാൻ തീരുമാനിച്ച ‘നോ വെഹിക്കിൾ വെനസ്ഡേ’ (വാഹനരഹിത ബുധനാഴ്ച) ഉത്തരവിനെതിരെ ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകൻ കേരള ഹൈക്കോടതിയെ സമീപിച്ചു. കൽപ്പേനി ദ്വീപ് സ്വദേശിയായ അജ്മൽ ഖാൻ സി.പി ആണ് ഫെബ്രുവരി 17-ലെ ജില്ലാ കളക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് റിട്ട് ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 25 മുതൽ ദ്വീപുകളിൽ എല്ലാ ബുധനാഴ്ചകളിലും മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നത് നിരോധിച്ചുകൊണ്ടായിരുന്നു ഭരണകൂടത്തിന്റെ ഉത്തരവ്. ആരോഗ്യ സംരക്ഷണം, മലിനീകരണം കുറയ്ക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം കൊണ്ടുവന്നതെങ്കിലും, ഇത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertisement

​നടപ്പിലാക്കാൻ പോകുന്ന ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുമുള്ള അനാവശ്യ കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഭിന്നശേഷിക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, അത്യാഹിത വിഭാഗങ്ങൾ എന്നിവർക്ക് മാത്രമാണ് ഇളവുള്ളത്. ബുധനാഴ്ചകളിൽ കപ്പൽ വഴിയും വിമാനം വഴിയും എത്തുന്ന യാത്രക്കാർക്കും രോഗികൾക്കും വിനോദസഞ്ചാരികൾക്കും ജെട്ടികളിൽ നിന്നും മറ്റും യാത്ര ചെയ്യാൻ ഈ നിരോധനം വലിയ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ അവശ്യസാധനങ്ങളുടെ നീക്കത്തെയും ഇത് ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു. ഉത്തരവ് റദ്ദാക്കണമെന്നും അന്തിമ വിധി വരുന്നത് വരെ ഇതിന് സ്റ്റേ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here