കവരത്തി: സ്കൂൾ യൂണിഫോം കുംഭകോണം കേസിൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് മൂന്ന് വർഷത്തെ കഠിന തടവിന് വിധിച്ച് കവരത്തി പ്രത്യേക സി.ബി.ഐ കോടതി. മുൻ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ എസ്.കെ.എസ് യാദവ്, സ്വകാര്യ വ്യക്തിയായ ഗണേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. സ്കൂൾ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഇവർ രണ്ടുപേർക്കും മൂന്ന് വർഷത്തെ കഠിന തടവിനും ₹33.84 ലക്ഷം രൂപ പിഴയും വിധിച്ചു കൊണ്ട് കവരത്തി പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടത്.

2006 ജൂൺ 29-നാണ് അന്നത്തെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടറായിരുന്ന എസ്.കെ.എസ് യാദവിനും മറ്റുള്ളവർക്കുമെതിരെ സ്കൂൾ യൂണിഫോം അഴിമതിയുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ രജിസ്റ്റർ ചെയ്തത്. സ്കൂൾ വിദ്യാർഥികൾക്കായുള്ള യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടറായിരുന്ന എസ്.കെ.എസ് യാദവ്, സ്വകാര്യ വ്യക്തിയായ ഗണേഷ് ഉൾപ്പെടെയുള്ളവർ കുറ്റകരമായ ഗൂഢാലോചന നടത്തി എന്നായിരുന്നു പരാതി. യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടികൾ പാലിക്കാതെ അനർഹരായവർക്ക് ടെണ്ടർ നൽകുകയും അതുവഴി ഗുണനിലവാരം ഇല്ലാത്ത യൂണിഫോം വിതരണം ചെയ്യുകയും ചെയ്തു. ഇതുവഴി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ₹34 ലക്ഷം രൂപയുടെ നഷ്ടം വരുത്തി വെച്ചു എന്നതായിരുന്നു കേസ്. അന്വേഷണങ്ങൾക്ക് ശേഷം 2008 ജനുവരി 8-ന് സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിലാണ് ഇന്നലെ കവരത്തി പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here