
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വിട്ടുവീഴ്ചകൾക്കെതിരെയും, ഐടി സമ്മിറ്റിലെ അഴിമതികൾക്കെതിരെയും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ അറസ്റ്റിൽ. ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ നേരത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ, ദേശീയ സെക്രട്ടറി ഷിബിന എന്നിവരടങ്ങുന്ന എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഡൽഹിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന എഐ (AI) സമ്മിറ്റിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നതായും, ഇത് മറച്ചുവെക്കാൻ പ്രധാനമന്ത്രി ട്രംപുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്നു എന്നും ആരോപിച്ചായിരുന്നു സംഘടനയുടെ പ്രതിഷേധം. പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിലായ എട്ടുപേരെയും ജാമ്യത്തിൽ വിട്ടയച്ചു. കേന്ദ്ര സർക്കാരിന്റെ വേട്ടയാടൽ രാഷ്ട്രീയത്തിനെതിരെ വരും ദിവസങ്ങളിലും ശക്തമായ പോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
















