
കവരത്തി: മത്സ്യബന്ധന മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന പുതിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പുതിയ നിയമത്തിന്റെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ലക്ഷദ്വീപിന്റെ സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയെ കൂടുതൽ സുസ്ഥിരമാക്കുന്നതിനുമായി വിഭാവനം ചെയ്തതാണ് ‘ലക്ഷദ്വീപ് കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം 2026’ (The Lakshadweep Marine Fisheries Regulation, 2026) എന്നാണ് ലക്ഷദ്വീപ് ഭരണകൂടം അവകാശപ്പെടുന്നത്. ഭരണഘടനയുടെ 240-ാം അനുച്ഛേദ പ്രകാരം ഇന്ത്യൻ രാഷ്ട്രപതി അംഗീകാരം നൽകിയ ഈ പുതിയ നിയമം, 2000-ൽ നിലവിൽ വന്ന നിയന്ത്രണങ്ങൾക്ക് പകരമായാണ് നടപ്പിലാക്കുന്നത്. ദ്വീപിലെ ആഭ്യന്തര ജലാശയങ്ങൾ, ലഗൂണുകൾ, ടെറിട്ടോറിയൽ വാട്ടർ പരിധിയിലുള്ള കടൽ മേഖലകൾ എന്നിവടങ്ങളിലെ മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും ഇനിമുതൽ ഈ കർശനമായ നിയമപരിധിയിലായിരിക്കും വരുന്നത്. പുതിയ നിയമപ്രകാരം അഡ്മിനിസ്ട്രേറ്റർക്ക് മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം, വലിപ്പം, എൻജിൻ ശേഷി, ഉപയോഗിക്കുന്ന വലകളുടെ കണ്ണി അളവ് (mesh size) എന്നിവയിൽ വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടാകും.

മത്സ്യസമ്പത്തിന്റെ വംശനാശം തടയുന്നതിനായി വിനാശകരമായ മത്സ്യബന്ധന രീതികൾക്ക് പുതിയ നിയമം കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ, വിഷപദാർത്ഥങ്ങൾ, ഹാനികരമായ രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു. കൂടാതെ, പ്രായപൂർത്തിയാകാത്ത മത്സ്യങ്ങളെ പിടിക്കുന്നത് (juvenile fishing) തടയാൻ പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലിൽ സ്ഥാപിക്കുന്ന ഫിഷ് അഗ്രഗേറ്റിംഗ് ഡിവൈസുകൾ (FADs), ഓഫ്ഷോർ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കും ഇനിമുതൽ ലൈസൻസ് നിർബന്ധമാണ്. നിശ്ചിത സമയപരിധിയിലോ പ്രത്യേക സീസണുകളിലോ ചില പ്രത്യേക മത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനും ഭരണകൂടത്തിന് അധികാരമുണ്ടാകും.
ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കും. ലൈസൻസ് നിബന്ധനകൾ ലംഘിക്കുന്നവർക്കും നിരോധിത മേഖലകളിൽ പ്രവേശിക്കുന്നവർക്കും കനത്ത പിഴയും ശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പിടിച്ചെടുക്കുന്ന ബോട്ടുകളും ഉപകരണങ്ങളും ലേലം ചെയ്യാനും പിഴ തുക ഭൂമി നികുതി കുടിശ്ശികയ്ക്ക് സമാനമായി ഈടാക്കാനുമുള്ള വകുപ്പുകൾ ഇതിലുണ്ട്. അഡ്മിനിസ്ട്രേറ്റർ നിയമിക്കുന്ന ഓതറൈസ്ഡ് ഓഫീസർമാർക്കായിരിക്കും നിയമം നടപ്പിലാക്കാനുള്ള ചുമതല. പരാതികൾ കേൾക്കുന്നതിനായി അഡ്ജുഡിക്കേറ്റിംഗ് ഓഫീസർമാരെയും അപ്പലേറ്റ് അതോറിറ്റിയെയും സർക്കാർ നിയോഗിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സർവ്വേ കപ്പലുകളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ദ്വീപ് നിവാസികളുടെ ഉപജീവനമാർഗ്ഗമായ മത്സ്യബന്ധനത്തെ ശാസ്ത്രീയമായി പുനഃക്രമീകരിക്കാനാണ് ഈ പരിഷ്കാരം ലക്ഷ്യമിടുന്നത് എന്ന് ലക്ഷദ്വീപ് ഭരണകൂടം പറയുന്നു. നിലവിലുള്ള ലൈസൻസുകൾക്കും മുൻപ് ആരംഭിച്ച നടപടികൾക്കും പുതിയ നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി തുടരാം. എന്നാൽ സമുദ്ര ആവാസവ്യവസ്ഥയെ തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾക്ക് വരുംദിവസങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകുമെന്ന് ഉറപ്പാണ്. മാരിക്കൾച്ചർ, കൾച്ചർ ഫിഷറീസ് തുടങ്ങിയ മേഖലകൾക്കായി കടൽ ഭാഗങ്ങളും ലഗൂണുകളും പാട്ടത്തിന് നൽകാനുള്ള വ്യവസ്ഥകളും പുതിയ നിയമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
















