കൊച്ചി: ക്രിസ്തുമസ് പുതുവത്സര അവധികൾക്കായി നാട്ടിലെത്താൻ യാത്രാ സൗകര്യമില്ല എന്ന് കാണിച്ച് കൊച്ചി ലക്ഷദ്വീപ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് മിനിക്കോയ് ദ്വീപിലെ സ്ത്രീകളും കുട്ടികളും. അഡീഷണലായി കൊച്ചിയിൽ നിന്നും മിനിക്കോയ് ദ്വീപിലേക്ക് നേരിട്ടുള്ള കപ്പൽ സർവ്വീസ് നടത്തണം എന്നാണ് ആവശ്യം. നിലവിൽ കൽപ്പേനി ദ്വീപ് വഴി ഒരു ഹൈ സ്പീഡ് ബോട്ട് ചാർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹൈ സ്പീഡ് വെസലിൽ ടിക്കറ്റ് നൽകിയത്. തീരെ ചെറിയ കുട്ടികളെ കൂട്ടി കൊണ്ടു പോവാനായി വന്ന രക്ഷിതാക്കൾക്ക് ടിക്കറ്റ് നൽകിയിട്ടില്ല. കൽപ്പേനി ദ്വീപിൽ ഒരു രാത്രി തങ്ങി വേണം വിദ്യാർത്ഥികൾക്ക് നാട്ടിൽ എത്താൻ. രക്ഷിതാക്കൾ ഇല്ലാതെ ചെറിയ കുട്ടികളെ പറഞ്ഞയക്കാനാവില്ല എന്ന് രക്ഷിതാക്കൾ പറയുന്നു. അതുകൊണ്ട് തന്നെ അഡീഷണലായി കൊച്ചിയിൽ നിന്നും മിനിക്കോയ് ദ്വീപിലേക്ക് നേരിട്ടുള്ള കപ്പൽ സർവ്വീസ് വേണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.