
കവരത്തി: ലക്ഷദ്വീപിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ദ്വീപ് സമൂഹത്തിലെ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഇതനുസരിച്ച് ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റും ശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ ദിവസങ്ങളിൽ കടലിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കൂടാതെ തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാനും അധികൃതർ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
