
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി. ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷന്റെ ഭാഗമായി ദ്വീപുകളുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നടപടി. സ്വകാര്യ ഭൂമിയിലും പണ്ടാരം ഭൂമിയിലും നിർമ്മാണ ആവശ്യങ്ങൾക്കായി നേരത്തെ അനുവദിച്ചിരുന്ന എല്ലാ ഭൂമി തരംമാറ്റ (Diversion Certificates) സർട്ടിഫിക്കറ്റുകളും ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയതായി കവരത്തി കളക്ടറേറ്റിൽ നിന്ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ശിവം ചന്ദ്ര ഐ.എ.എസ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ദ്വീപുകളിൽ ഇപ്പോൾ നടന്നുവരുന്ന ആസൂത്രണമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ വെല്ലുവിളികൾ ഉയർത്തുന്നുവെന്ന് ഭരണകൂടം നിരീക്ഷിച്ചു. 1965-ലെ ലക്ഷദ്വീപ് ലാൻഡ് റെവന്യൂ ആൻഡ് ടെനൻസി റെഗുലേഷനിലെ സെക്ഷൻ 20 പ്രകാരം നൽകിയിരുന്ന താമസ ആവശ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റുകൾക്കാണ് നിലവിൽ റദ്ദാക്കൽ ബാധകമാകുന്നത്. ഈ ഉത്തരവ് പുറത്തുവന്നതോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ നിർദ്ദേശമുണ്ട്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പുനരാനുമതി ലഭിച്ചാൽ മാത്രമേ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ സാധിക്കുകയുള്ളൂ.
പുതിയ ടൗൺ പ്ലാനിംഗ് നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഒരു ഇടക്കാല നടപടിയാണിതെന്ന് ഭരണകൂടം അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡെപ്യൂട്ടി കളക്ടർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സംരക്ഷിച്ചുകൊണ്ടുള്ള വികസനം ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
















