
ന്യൂഡൽഹി: അഡ്മിനിസ്ട്രേറ്റർക്ക് ഭൂമി പിടിച്ചെടുക്കാൻ പരിധിയില്ലാത്ത അധികാരം നൽകുന്ന ‘ദി ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ, 2026’ പ്രാബല്യത്തിൽ വന്നതോടെ ദ്വീപ് ജനതയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി. കേന്ദ്ര ഭരണകൂടം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ധൃതിപിടിച്ച് പുറത്തിറക്കിയ ഈ പുതിയ വിജ്ഞാപനം, ലക്ഷദ്വീപിലെ ജനങ്ങളുടെ മണ്ണിലുള്ള ജന്മാവകാശത്തിന്മേൽ നടത്തുന്ന കടുത്ത കടന്നുകയറ്റമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ജനപ്രതിനിധികളെയോ പ്രാദേശിക പഞ്ചായത്തുകളെയോ അല്പം പോലും വിശ്വാസത്തിലെടുക്കാതെ, അഡ്മിനിസ്ട്രേറ്റർ തലപ്പത്തിരിക്കുന്ന ബോർഡിനും പ്ലാനിംഗ് അതോറിറ്റികൾക്കും സർവ്വസ്വതന്ത്രമായ അധികാരങ്ങൾ പഴുതില്ലാതെ വീതിച്ചു നൽകിയിരിക്കുകയാണ് ഈ ഉത്തരവിലൂടെ.
തലമുറകളായി സ്വന്തം വിയർപ്പൊഴുക്കി ജീവിക്കുന്ന ജന്മഭൂമിയിൽ നിന്ന് ദ്വീപ് നിവാസികളെ അനായാസം ഒഴിപ്പിക്കാനും, വികസന മേഖലകളായി പ്രഖ്യാപിച്ച് വിദേശ-കോർപ്പറേറ്റ് ടൂറിസം ഭീമന്മാർക്ക് ലക്ഷദ്വീപിന്റെ കടിഞ്ഞാൺ വെച്ചുനീട്ടാനും സഹായിക്കുന്ന ചതിക്കുഴികളാണ് ഇതിലുടനീളം ഒളിപ്പിച്ചിരിക്കുന്നത്. ഭൂ ഉടമകളുടെ അനുമതിയോ താൽപ്പര്യമോ തെല്ലും പരിഗണിക്കാതെ ‘ലാൻഡ് പൂളിംഗ്’ നടപ്പാക്കാനും, ന്യായമായ നഷ്ടപരിഹാരം നൽകാതെ അപ്രായോഗികമായ ട്രാൻസ്ഫറബിൾ ഡെവലപ്‌മെന്റ് റൈറ്റ്‌സ് (TDR) മാത്രം നൽകി പൗരന്മാരെ സ്വന്തം മണ്ണിൽ നിന്ന് പടിക്കുപുറത്താക്കാനും ഭരണകൂടത്തിന് ഇനി വളരെ എളുപ്പത്തിൽ സാധിക്കും. പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട അതിലോലമായ പരിസ്ഥിതി ആവാസവ്യവസ്ഥയെ പാടെ തകർത്തുകൊണ്ട് റിസോർട്ടുകളും കൂറ്റൻ റോഡുകളും നിർമ്മിക്കുന്നത് ദ്വീപിന്റെ ഭാവിയെ തന്നെ വൻ അപകടത്തിലാക്കുമെന്ന ആശങ്കയും പരക്കെയുണ്ട്.
നേരത്തെ നടപ്പിലാക്കിയ ഗുണ്ടാ ആക്ട്, ബീഫ് നിരോധനം, പഞ്ചായത്ത് അധികാരം വെട്ടിക്കുറയ്ക്കൽ എന്നിവയ്ക്ക് ശേഷം ലക്ഷദ്വീപ് നിവാസികളുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന അടുത്ത ആഘാതമായാണ് ഈ ഉത്തരവിനെ ജനങ്ങൾ കാണുന്നത്. സ്വന്തം മാതൃഭൂമിയിൽ അഭയാർത്ഥികളാക്കപ്പെടുമോ എന്ന ഭീതിയിൽ, ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കും ശക്തമായ നിയമപോരാട്ടങ്ങൾക്കും ഒരുങ്ങുകയാണ് ലക്ഷദ്വീപ് ജനത. സി.ജെ.പി ജന്തർമന്ദർ പ്രക്ഷോഭത്തിന് ശേഷം ലക്ഷദ്വീപിലെ യുവജനങ്ങളും പൊതു വിഷയങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കുന്ന കാഴ്ചകൾ പല ദ്വീപുകളിലും കാണുന്നുണ്ട്. അത്തരം കൂട്ടായ്മകൾ കൊണ്ട് മാത്രമേ നമുക്ക് ഈ കെട്ട കാലത്തെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ എന്ന് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ ശുഭ സൂചന.
















