
അഗത്തി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ സ്വന്തം മണ്ണിൽ തലചായ്ക്കാൻ ഒരിടം നിർമിക്കാനുള്ള സാധാരണക്കാരായ ജനങ്ങളുടെ അവകാശത്തിന്മേൽ ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെ പ്രതിഷേധം ജനകീയ പ്രക്ഷോഭമായി മാറുന്നു. സെപ്റ്റംബർ 10-ലെ തീയതി വെച്ച് ഡെപ്യൂട്ടി കളക്ടർ തയ്യാറാക്കിയ കാരണം കാണിക്കൽ നോട്ടീസ്, കോടതി അവധി ദിവസങ്ങൾ കണക്കാക്കി സെപ്റ്റംബർ 12 വെള്ളിയാഴ്ച മാത്രം കെട്ടിട ഉടമകൾക്ക് നൽകുകയായിരുന്നു. ഇരയാക്കപ്പെട്ടവർക്ക് കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിക്കാനുള്ള അവസരം മനഃപൂർവം നിഷേധിച്ച ശേഷമാണ്, നോട്ടീസിലെ ഒരു ആഴ്ചത്തെ കാലാവധി സെപ്റ്റംബർ 17 വരെ നിലനിൽക്കെ, തിങ്കളാഴ്ച രാവിലെ തന്നെ ജെ.സി.ബി സഹിതമെത്തി റവന്യൂ വകുപ്പും പോലീസും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്.
നോട്ടീസ് കാലാവധി അവസാനിച്ചിട്ടില്ലെന്നും ഈ നടപടി അനീതിയാണെന്നും ചൂണ്ടിക്കാണിച്ച നാട്ടുകാരോട് സംസാരിക്കാൻ പോലും അനുവദിക്കാതെ വായടപ്പിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്. “ബിശയം ഫറയേ” (സംസാരിക്കരുത്) എന്ന് ആക്രോശിച്ച് ഇരയാക്കപ്പെടുന്നവരുടെ ശബ്ദത്തെയും ഭരണകൂടം പൂർണമായി അടിച്ചമർത്തുകയായിരുന്നു. തുടർന്ന് എൽ.സി.ആർ റദ്ദാക്കലിനെതിരെയെന്ന വ്യാജേന നടക്കുന്ന ഈ നിയമവിരുദ്ധ ഒഴിപ്പിക്കലിനെതിരെ സമരം ചെയ്ത എൻ.സി.പി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. ജബ്ബാർ, മുമ്പ് ജില്ലാ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ നേതാവ് എം.ഐ. ദിൽഷാദ് എന്നിവരുൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി കൈയാമം വെച്ച് അറസ്റ്റ് ചെയ്തു നീക്കി. ഉദ്യോഗസ്ഥരുടെ ഇത്തരം അനാവശ്യമായ അതിരുവിടലുകൾക്കും ജനാധിപത്യധ്വംസനങ്ങൾക്കും ലക്ഷദ്വീപ് എം.പി മൗനാനുമതി നൽകുകയാണെന്ന് ഒ.പി. ജബ്ബാർ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് ബാങ്ക് വായ്പകൾ വരെ എടുത്ത് നിർമാണം നടത്തിയ കെട്ടിടങ്ങളാണ് കൃത്യമായ ബദൽ സംവിധാനങ്ങളോ നോട്ടീസ് സമയപരിധിയോ പാലിക്കാതെ അധികൃതർ തകർത്തത്. നിർമാണ സാമഗ്രികൾ മെയിൻലാൻഡിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് എത്തിച്ച ശേഷം പണി തടസ്സപ്പെടുന്നത് ദ്വീപ് നിവാസികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കണ്ണീരിലേക്കും തള്ളിവിടുകയാണ്. ഒരു നിർമാണം തടയുമ്പോൾ പകരം എന്ത് ചെയ്യണമെന്ന് വ്യക്തമാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ പൊതുവായ ഒറ്റ ഉത്തരവിലൂടെ റദ്ദാക്കുന്നത് ഭരണഘടനാപരമായ അവകാശ ലംഘനമാണെന്നും അഭിഭാഷകനായ ഹിദായ ചേര്യന്നല്ലാൽ ചൂണ്ടിക്കാട്ടുന്നു. നാട്ടുകാരാരും സഹകരിക്കാതിരുന്നതോടെ പെർമിറ്റ് എടുത്ത് തൊഴിലിനായി എത്തിയ തൊഴിലാളികളെ ഉപയോഗിച്ചാണ് ഭരണകൂടം പൊളിക്കൽ നടപടി തുടങ്ങിയത്.
ഭരണകൂടത്തിന്റെ പ്രതികാര നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായി സ്റ്റേ ഓർഡർ വാങ്ങിയവരെ പോലും പുതിയ വഴിയിലൂടെ പീഡിപ്പിക്കുകയാണ് പ്രാദേശിക ഭരണകൂടം. സ്റ്റേ ഉള്ളതിനാൽ നിർമാണം നേരിട്ട് തടയാനാവാതെ വന്നതോടെ, യാതൊരു മുന്നറിയിപ്പുമില്ലാതെ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ്. ഇലക്ട്രിസിറ്റി ജൂനിയർ എഞ്ചിനീയറോട് ആരായവേ ഡെപ്യൂട്ടി കളക്ടറുടെ വാക്കാലുള്ള ഉത്തരവ് പ്രകാരമാണ് ഇതെന്ന മറുപടിയാണ് ലഭിച്ചത്. കൃത്യമായ പ്രൊസീജറുകൾ പാലിക്കാതെ ഉദ്യോഗസ്ഥർ മേലധികാരികളുടെ വഴിവിട്ട നിർദേശങ്ങൾ കണ്ണടച്ച് നടപ്പിലാക്കുന്നതിനെതിരെയും, അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്ന അഡ്മിനിസ്ട്രേഷൻ നടപടികൾക്കെതിരെയും ദ്വീപിലുടനീളം വൻ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനങ്ങൾ. സമാധാനപരമായി പ്രതിഷേധിച്ച ഒ.പി ജബ്ബാർ ഉൾപ്പെടെയുള്ളവർ ജനങ്ങൾക്കിടയിൽ പൊതു പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ നേതാക്കളാണ്. അവരെ പൊതുമധ്യത്തിൽ കയ്യാമം വെച്ച നടപടി അഗത്തി എസ്.എച്ച്.ഒയുടെ അതിരുവിട്ട നടപടിയാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
















