
അഗത്തി: സർക്കാർ/ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ നിന്ന് ജീവനക്കാർക്ക് നടത്തുന്ന ഫോൺ കോളുകൾ കൃത്യസമയത്ത് അറ്റൻഡ് ചെയ്യണമെന്ന് അഗത്തി ദ്വീപ് ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകി. സെപ്റ്റംബർ 10ന് പുറത്തിറക്കിയ ഓഫീസ് ഓർഡറിലാണ് നിർദേശം. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ നിന്ന് ലഭിക്കുന്ന കോളുകൾ എല്ലാ ജീവനക്കാരും നിർബന്ധമായും അറ്റൻഡ് ചെയ്യണം. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ഫോൺ എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ, 10 മിനിറ്റിനകം തിരികെ വിളിക്കുകയോ ഉചിതമായ സന്ദേശം അയയ്ക്കുകയോ വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സാധുവായ കാരണമില്ലാതെ ഔദ്യോഗിക കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചുവിളിക്കാതിരിക്കുകയോ ചെയ്താൽ വിഷയം ഗൗരവമായി പരിഗണിച്ച് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. അഗത്തിയിലെ വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ ഉത്തരവ് ജീവനക്കാരെ അറിയിച്ച് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡെപ്യൂട്ടി കളക്ടർ നിർദേശിച്ചിട്ടുണ്ട്.
















