
കവരത്തി: ലക്ഷദ്വീപിലെ കവരത്തിയിൽ വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരിൽ മത്സ്യത്തൊഴിലാളികൾ വീണ്ടും കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടുകയാണെന്ന ആശങ്ക ശക്തമാകുന്നു. രവീന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെയും ഐ.ഐ.എം.പി മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ, പരമ്പരാഗതമായി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിലേക്ക് ഭരണകൂടം കടന്നുകയറുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ഇത് ദ്വീപിന്റെ പാരമ്പരാഗത മത്സ്യബന്ധന മേഖലയെയും തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്ന് സോഷ്യലിസ്റ്റ് ടോക്സ് എഡിറ്റർ സൈദ് ഹാമിദ് ചെറിയകോയ ചൂണ്ടിക്കാണിക്കുന്നു.
രവീന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മത്സ്യബന്ധന തൊഴിലാളികൾക്കായി ഡി നോട്ടിഫൈ ചെയ്ത കവരത്തി പെട്രോൾ പമ്പിന് എതിർവശത്തുള്ള പ്രദേശത്ത് നിന്നും മത്സ്യത്തൊഴിലാളികളെ നേരത്തെ തന്നെ ഒഴിപ്പിച്ചതാണ്. സുപ്രീം കോടതി നിയോഗിച്ച സമിതി നൽകിയ നിർദ്ദേശങ്ങൾ അന്ന് തന്നെ ഭരണകൂടം കാറ്റിൽ പറത്തിയതാണ്. അന്ന് മത്സ്യബന്ധന തൊഴിലാളികൾക്കായി ഭരണകൂടം കാണിച്ചു കൊടുത്ത പ്രദേശത്താണ് ഇപ്പോൾ മത്സ്യബന്ധന തൊഴിലാളികൾ അവരുടെ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നത്. അവിടങ്ങളിൽ നിന്നും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് തൊഴിലാളികൾക്ക് ഇപ്പോൾ വീണ്ടും പുതിയ നോട്ടീസുകൾ ലഭിച്ചിരിക്കുകയാണ്. ക്രൂസ് കപ്പലുകൾ ഉൾപ്പെടെയുള്ള പുതിയ ടൂറിസം പദ്ധതികൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, തങ്ങളെ എങ്ങോട്ടാണ് മാറ്റാൻ ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും, കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനതയെ തുടർച്ചയായി ദ്രോഹിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.
ഭരണകൂടത്തിന്റെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ ഉപജീവന മാർഗ്ഗം സംരക്ഷിക്കുന്നതിനായി അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പാണ് തൊഴിലാളികൾ നൽകുന്നത്. സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങളും തൊഴിൽ സുരക്ഷിതത്വവും ഹനിച്ചുകൊണ്ടുള്ള ഇത്തരം വികസന നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകാൻ തന്നെയാണ് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ തീരുമാനം.
















