ന്യൂഡൽഹി: ​രാജ്യത്തെ ക്രമസമാധാന പാലനത്തിനും അടിയന്തിര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള പ്രത്യേക ബ്രോഡ്‌ബാൻഡ് ശൃംഖല സ്ഥാപിക്കുന്നു. ‘ബ്രോഡ്‌ബാൻഡ് പബ്ലിക് പ്രൊട്ടക്ഷൻ ആൻഡ് ഡിസാസ്റ്റർ റിലീഫ്’ (BB-PPDR) എന്ന് പേരിട്ടിരിക്കുന്ന ഈ നിർദ്ദിഷ്ട പദ്ധതിയിലൂടെ പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, ദേശീയ ദുരന്തനിവാരണ സേന (NDRF), ഫയർഫോഴ്സ്, മെഡിക്കൽ സേവനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 30 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഒറ്റ ശൃംഖലയിൽ ബന്ധിപ്പിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിനായി പുഷ്-ടു-ടോക്ക്, അതിവേഗ വീഡിയോകോളിംഗ്, ഡാറ്റാ കൈമാറ്റ സൗകര്യങ്ങൾ എന്നിവ ഈ നെറ്റ്‌വർക്കിലൂടെ ലഭ്യമാക്കും.

​പദ്ധതിയുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന പൈലറ്റ് പ്രോജക്ടിന്റെ കേന്ദ്രങ്ങളിലൊന്നായി കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെയും കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ട്. ഭൂശാസ്ത്രപരമായ പ്രത്യേകതകളും അടിയന്തിര ഘട്ടങ്ങളിലെ ആശയവിനിമയ വെല്ലുവിളികളും കണക്കിലെടുത്താണ് ലക്ഷദ്വീപിനെ ഈ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ലക്ഷദ്വീപിന് പുറമെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അമൃത്സർ, ബസ്തർ, ബെംഗളൂരു, ഗുവാഹത്തി, ലഡാക്ക്, മുംബൈ, രുദ്രപ്രയാഗ്, വിശാഖപട്ടണം എന്നീ തന്ത്രപ്രധാനമായ 10 പ്രദേശങ്ങളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.

​ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നെറ്റ്‌വർക്ക് ആർക്കിടെക്ചർ രൂപകൽപ്പന ചെയ്യുന്നതിനായി വ്യവസായ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആഭ്യന്തര മന്ത്രാലയം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. സാധാരണ സിവിലിയൻ മൊബൈൽ നെറ്റ്‌വർക്കുകളിൽ നിന്ന് മാറി 814-824 MHz, 859-869 MHz സ്പെക്ട്രം ബാൻഡുകളിലാണ് ഈ സുരക്ഷാ ശൃംഖല പ്രവർത്തിക്കുക. പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർക്കായി ആകെ 30 ലക്ഷത്തോളം പ്രത്യേക ഹാൻഡ്‌സെറ്റുകൾ സജ്ജമാക്കും. ഇതിൽ ഗ്രൗണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥർക്കായി 21 ലക്ഷം കരുത്തുറ്റ ഫീൽഡ് ഹാൻഡ്‌സെറ്റുകളും, മുതിർന്ന ഉദ്യോഗസ്ഥർക്കായി 6 ലക്ഷം സ്മാർട്ട്‌ഫോൺ മാതൃകയിലുള്ള ഉപകരണങ്ങളും, 3 ലക്ഷം വാഹനാധിഷ്ഠിത യൂണിറ്റുകളും ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here