
കവരത്തി: തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്നുള്ള ലക്ഷദ്വീപ് തീരങ്ങൾക്കും മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള കേരള തീരത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമായ തുടർച്ചയോടെ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3.1 കിലോമീറ്റർ ഉയരെ വരെ വ്യാപിച്ചുകിടക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ലക്ഷദ്വീപ് മേഖലയിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശിയടിക്കാനും മോശം കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 26 വരെയാണ് ഈ കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുള്ളത്. കടക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ലക്ഷദ്വീപ് മേഖലയിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ പൂർണ്ണമായും ശാന്തമാകുന്നതുവരെ ആരും കടലിൽ ഇറങ്ങരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കൂടാതെ, കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കടലോരങ്ങളിലെ വിനോദ പ്രവർത്തനങ്ങളും മറ്റ് വിനോദസഞ്ചാര ട്രിപ്പുകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു. ലക്ഷദ്വീപ് അഡീഷണൽ ഡിസ്ട്രിക്റ്റ് മാജിസ്ട്രേറ്റും ഡി.ഡി.എം.എ സി.ഇ.ഒയുമായ ജഗദീഷ് ശർമ്മയുടെ ഉത്തരവ് പ്രകാരം, വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ജനങ്ങൾക്കിടയിൽ ഈ ജാഗ്രതാ നിർദ്ദേശം വ്യാപകമായി പ്രചരിപ്പിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തിവരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
















