കൊച്ചി: ലക്ഷദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയുടെയും ഉപജീവനമാർഗ്ഗങ്ങളുടെയും ജീവനാഡിയായ ചൂര (ട്യൂണ) മത്സ്യബന്ധന മേഖലയിൽ ഫിഷ് അഗ്രിഗേറ്റിംഗ് ഡിവൈസുകൾ (FAD) വൻ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു. ദ്വീപസമൂഹത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള മിനിക്കോയ് ദ്വീപിൽ പരമ്പരാഗത ‘പോൾ ആൻഡ് ലൈൻ’ രീതിയിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളെ സഹായിക്കുന്നതിനായി ഐ.സി.എ.ആർ – സെൻട്രൽ ഐലൻഡ് അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CIARI) മാലികു മത്സ്യത്തൊഴിലാളി സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിയ എഫ്.എ.ഡി പദ്ധതി മിനിക്കോയ് തീരത്ത് വൻ വിജയമായി മാറിയിരിക്കുകയാണ്. കടലിൽ മത്സ്യക്കൂട്ടങ്ങളെ വൻതോതിൽ ആകർഷിച്ചു നിർത്തുന്ന ഈ സാങ്കേതികവിദ്യ പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്ക് പുതിയ ദിശാബോധവും വൻ സാമ്പത്തിക നേട്ടവുമാണ് സമ്മാനിക്കുന്നത്.

നേരത്തെ കടലിൽ പരന്നുകിടക്കുന്ന ചൂരക്കൂട്ടങ്ങളെ തിരഞ്ഞുപിടിക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മണിക്കൂറുകളോളം അലയേണ്ടി വരികയും വലിയ തോതിൽ ഇന്ധനം ചെലവഴിക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ തീരത്തുനിന്നും നിശ്ചിത അകലത്തിൽ ആഴക്കടലിൽ ഉറപ്പിച്ചിട്ടുള്ള എഫ്.എ.ഡി കേന്ദ്രമാക്കി സ്കിപ്ജാക്ക് ട്യൂണ, യെല്ലോഫിൻ ട്യൂണ തുടങ്ങിയ ഇനങ്ങൾ വൻതോതിൽ തടിച്ചുകൂടാൻ തുടങ്ങിയതോടെ ആഴക്കടലിലെ തിരച്ചിൽ സമയവും കഠിനാധ്വാനവും ഒഴിവാക്കാൻ സാധിച്ചു. ഇതോടെ മത്സ്യബന്ധനത്തിനായുള്ള ഇന്ധന ഉപയോഗത്തിൽ 30 മുതൽ 50 ശതമാനം വരെ വൻ കുറവുണ്ടായതായി മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.

ഈ സാങ്കേതികവിദ്യയുടെ ഫലമായി മിനിക്കോയിൽ നിന്നുള്ള ചൂര ലഭ്യതയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. എഫ്.എ.ഡി സംവിധാനം വ്യാപിപ്പിക്കുന്നതിന് മുൻപ് 2025-ൽ 3,289.85 ടൺ ആയിരുന്ന ആകെ ചൂര ലഭ്യത, തൊട്ടടുത്ത വർഷം 4,304.44 ടണ്ണായി ഉയർന്നു. ഒറ്റവർഷം കൊണ്ട് 1,014.59 ടണ്ണിന്റെ (30.84 ശതമാനം) വർദ്ധനവാണ് രേഖപ്പെടുത്തിയത്. കിലോഗ്രാമിന് ശരാശരി 150 രൂപ കണക്കാക്കിയാൽ, ചൂര ലഭ്യതയുടെ ആകെ മൂല്യം 49.35 കോടി രൂപയിൽ നിന്ന് 64.57 കോടി രൂപയായി കുതിച്ചുയർന്നു. അതായത് ഏകദേശം 15.22 കോടി രൂപയുടെ അധിക വരുമാനമാണ് പ്രദേശത്തെ സമുദ്രോൽപ്പന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുകിയെത്തിയത്. ദ്വീപിലെ പരമ്പരാഗത ഉണക്കച്ചൂര ഉൽപ്പന്നമായ ‘മാസ്മിൻ’ നിർമ്മാണ മേഖലയ്ക്കും പ്രാദേശിക കമ്പോളങ്ങൾക്കും വിപണന ശൃംഖലകൾക്കും ഈ നേട്ടം ശക്തമായ പിന്തുണയാണ് നൽകുന്നത്.

ലക്ഷദ്വീപ് കടലിൽ 2002-ൽ സി.എം.എഫ്.ആർ.ഐ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നിക്ഷേപിച്ചതു മുതൽ എഫ്.എ.ഡികളുടെ സാന്നിധ്യമുണ്ടെങ്കിലും, കാലാനുസൃതമായ നവീകരണങ്ങളിലൂടെയും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹങ്ങളെ നേരിട്ട് പങ്കാളികളാക്കിയും നടപ്പിലാക്കിയ ഇപ്പോഴത്തെ പദ്ധതിയാണ് ട്യൂണ മത്സ്യബന്ധനത്തിൽ യഥാർത്ഥ വിപ്ലവം സൃഷ്ടിച്ചത്. ശാസ്ത്രീയ സാങ്കേതികവിദ്യയും പരമ്പരാഗത അനുഭവസമ്പത്തും കൈകോർത്തപ്പോൾ സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും തീരദേശ ജനതയുടെ ഉപജീവന സുരക്ഷയും വർദ്ധിച്ചു എന്നതിന്റെ തെളിവാണ് മിനിക്കോയിലെ ഈ വൻ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here