
കവറത്തി: ലക്ഷദ്വീപ് പ്രാദേശിക കടൽഅതിർത്തിയിൽ അനുമതിയില്ലാതെ മീൻപിടിത്തത്തിൽ ഏർപ്പെട്ട തമിഴ്‌നാട് ആസ്ഥാനമായുള്ള ബോട്ടിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒരു ലക്ഷം രൂപ പിഴ ചുമത്തി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മൈക്കിൾ രാജിന്റെ ഉടമസ്ഥതയിലുള്ള ‘സൈമൺ’ (SIMON – Regn. No. IND-TN-12-MM-7106) എന്ന ഫിഷിംഗ് ബോട്ടിനെതിരെയാണ് അഡ്ജുഡിക്കേറ്റിംഗ് ഓഫീസറും ഫിഷറീസ് ഡയറക്ടറുമായ മുകുന്ദ് വല്ലഭ് ജോഷി ഉത്തരവിറക്കിയത്. സെപ്റ്റംബർ 8-ന് ലക്ഷദ്വീപ് കടൽഅതിർത്തിക്കുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്ത ബോട്ടിൽ നിന്ന് ഏകദേശം 480 കിലോഗ്രാം മത്സ്യവും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ബോട്ട് ഉടമ സമർപ്പിച്ച വിശദീകരണത്തിൽ സംഭവം നടക്കുമ്പോൾ മീൻപിടിത്തം നടത്തുകയായിരുന്നില്ല എന്ന് അവകാശപ്പെട്ടെങ്കിലും, ബോട്ടിന്റെ എ.ഐ.എസ്/ജി.പി.എസ് ഡാറ്റ പരിശോധിച്ച സാങ്കേതിക പരിശോധനയിൽ ഇവർ ലക്ഷദ്വീപിന്റെ നിർദ്ദിഷ്ട കടൽമേഖലയിൽ അനുമതിയില്ലാതെ നിരന്തരം പ്രവേശിച്ച് മീൻപിടിത്തത്തിലേർപ്പെട്ടതായി വ്യക്തമായി. ലക്ഷദ്വീപ് മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് പ്രകാരമുള്ള സാധുവായ ലൈസൻസ് ബോട്ടിനുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ഒരു ലക്ഷം രൂപ പിഴ കവറത്തിയിലെ കനറ ബാങ്ക് അക്കൗണ്ടിലേക്ക് ഒടുക്കാൻ ഉത്തരവിട്ടത്. പിഴ തുക പൂർണ്ണമായി അടച്ച ശേഷം ബോട്ട്, ഉടമയ്ക്കും ജീവനക്കാർക്കും വിട്ടുനൽകുമെന്നും ഇനിമേൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കില്ല എന്ന് ബോട്ട് ഉടമയിൽ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങുമെന്നും ഉത്തരവിൽ പറയുന്നു.
















