
കവരത്തി: ദേശീയ ആരോഗ്യ അതോറിറ്റി (NHA) ആരംഭിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (ABDM) ഭാഗമായുള്ള മാതൃകാ ജില്ലാ സംരംഭത്തിന് കവരത്തിയിൽ തുടക്കമായി. രാജ്യത്തെ മാതൃകാ ജില്ലകളിലൊന്നായി ലക്ഷദ്വീപിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഈ പദ്ധതി ആരംഭിച്ചത്. നിശ്ചിത സമയപരിധിക്കകം ദ്വീപുകളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളെയും ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്ന് സമഗ്രമായ ഒരു ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം സംഘടിപ്പിച്ച ദേശീയ എബിഡിഎം അവലോകനത്തിൽ മാതൃകാ ജില്ലാ റാങ്കിങ് ചട്ടക്കൂടിന്റെ ഡി വിഭാഗത്തിൽ ലക്ഷദ്വീപ് രണ്ടാം സ്ഥാനം നേടിയതായും ചടങ്ങിൽ പ്രഖ്യാപിച്ചു.
ലക്ഷദ്വീപ് ആരോഗ്യവകുപ്പ് സെക്രട്ടറി സോമശേഖർ അപ്പാറാവു കൊട്ടാരു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ദേശീയ ആരോഗ്യ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സുനിൽ കുമാർ ബർൺവാൾ ഐഎഎസ് മുഖ്യാതിഥിയായിരുന്നു. ലക്ഷദ്വീപിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ പദ്ധതി നിർവഹണം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലക്ടർ ശിവം ചന്ദ്ര സ്വാഗതമാശംസിച്ച ചടങ്ങിൽ, എബിഡിഎം നടപ്പാക്കുന്നതിൽ പ്രവർത്തനമികവ് കാഴ്ചവെച്ച സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും പ്രത്യേക പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ന്യൂഡൽഹി ദേശീയ ആരോഗ്യ അതോറിറ്റി ഡയറക്ടർ ഡോ. പങ്കജ് കുമാർ അറോറ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. അർഹരായ വ്യക്തികൾക്ക് ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ ലഭ്യമാക്കൽ, ഹെൽത്ത് പ്രൊഫഷണൽ രജിസ്ട്രി, ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി, ക്യുആർ കോഡ് വഴിയുള്ള ഒപിഡി രജിസ്ട്രേഷൻ തുടങ്ങിയ പ്രധാന സൂചികകളിൽ ലക്ഷദ്വീപ് 100 ശതമാനം പുരോഗതി കൈവരിച്ചതായി ലക്ഷദ്വീപ് എബിഡിഎം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബൈ വിശദീകരിച്ചു. ദേശീയ ആരോഗ്യ അതോറിറ്റി മേഖലാ കോർഡിനേറ്റർ ജയന്ത് പാണ്ഡെ ക്ലാസിന് നേതൃത്വം നൽകുകയും ആരോഗ്യ ഡയറക്ടർ എം. ഭരണി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ സംരംഭം ലക്ഷദ്വീപിന്റെ ഡിജിറ്റൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
















