
കവരത്തി: അമിനി തീരത്ത് കള്ളക്കടൽ പ്രതീകാത്മക തിരമാലകൾക്ക് (Swell Surge) സാധ്യതയുള്ളതായി ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) പ്രവചിച്ചതിനെ തുടർന്ന് ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 12 ഉച്ചയ്ക്ക് 2:30 വരെ അമിനി തീരത്ത് 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സാഹചര്യം കണക്കിലെടുത്ത് കടുത്ത ജാഗ്രതാ നിർദേശങ്ങളാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഡീഷണൽ മജിസ്ട്രേറ്റ് ജഗ്ദീഷ് ശർമ്മ പുറപ്പെടുവിച്ചിട്ടുള്ളത്. തീരദേശത്ത് തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും ബോട്ട് ഓപ്പറേറ്റർമാരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പൊതുജനങ്ങൾ കടൽത്തീരങ്ങളിലെ വിനോദസഞ്ചാര/വിനോദ പരിപാടികളിൽ ഏർപ്പെടുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. കൂടാതെ, പരസ്പരം കൂട്ടിയിടിച്ചുള്ള അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കുന്നതിനായി ബോട്ടുകൾ തമ്മിൽ കൃത്യമായ അകലം പാലിച്ചു വേണം നങ്കൂരമിടാൻ എന്നും അധികൃതർ അറിയിച്ചു.
















