ന്യൂഡൽഹി: പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (PMMSY) പദ്ധതിക്ക് കീഴിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കായി വകയിരുത്തിയ തുകയിൽ ലക്ഷദ്വീപിന് ലഭിച്ചത് ഏറ്റവും കുറഞ്ഞ വിഹിതമെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പദ്ധതി ആരംഭിച്ചതിനു ശേഷമുള്ള കഴിഞ്ഞ അഞ്ച് വർഷത്തെ പദ്ധതി വിഹിതവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് ലക്ഷദ്വീപിൽ നിന്നുള്ള കോൺഗ്രസ് എം.പി ഹംദുള്ളാ സഈദ് ലോക്‌സഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്) ഈ വിവരങ്ങൾ സഭയിൽ സമർപ്പിച്ചത്.

​2020-21 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിലുള്ള പദ്ധതി വഴി രാജ്യത്തെ ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലായി ആകെ 1,032.66 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ കേന്ദ്ര വിഹിതമായി 844.37 കോടി രൂപ വകയിരുത്തിയതിൽ 246.55 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിക്കുകയും 201.57 കോടി രൂപ വിവിധ കേന്ദ്രഭരണ പ്രദേശങ്ങൾ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനായി വെറും 71.51 കോടി രൂപയുടെ പദ്ധതികൾക്ക് മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇത് പദ്ധതികൾ നടപ്പിലാക്കിയ കേന്ദ്രഭരണ പ്രദേശങ്ങളിൽ വച്ച് ഏറ്റവും കുറഞ്ഞ തുകയാണ്. ലക്ഷദ്വീപിൽ കടൽ പായൽ കൃഷി (സീവീഡ് കൾച്ചർ) യൂണിറ്റുകൾ, ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ, അലങ്കാര മത്സ്യ വളർത്തൽ കേന്ദ്രങ്ങൾ, സംയോജിത തീരദേശ ഗ്രാമങ്ങളുടെ വികസനം എന്നിവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. കൂടാതെ ഒരു ‘സീവീഡ് ക്ലസ്റ്ററും’ ലക്ഷദ്വീപിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

​മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലക്ഷദ്വീപിന് ലഭിച്ച വിഹിതത്തിലെ കുറവ് വളരെ വ്യക്തമാണ്. പുതുച്ചേരിക്ക് 357.19 കോടി രൂപയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് 280.67 കോടി രൂപയുടെ പദ്ധതികളും ലഭിച്ചപ്പോൾ ജമ്മു കശ്മീരിന് 154.57 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ഉള്ളത്. ചണ്ഡീഗഡ് ഇതുവരെ പദ്ധതികളൊന്നും ഏറ്റെടുത്തിട്ടില്ല. ദ്വീപ് പ്രദേശമായ ആൻഡമാനിൽ മയാബന്ദറിൽ സ്മാർട്ട് ഫിഷിംഗ് ഹാർബറും ട്യൂണ ക്ലസ്റ്ററും ഉൾപ്പെടെ വലിയ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് ലക്ഷദ്വീപിന് ഏറ്റവും കുറഞ്ഞ തുക കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നത്.

​പദ്ധതി വിഹിതം അനുവദിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ജമ്മു കശ്മീരിനോട് കേന്ദ്ര സർക്കാർ വലിയ മുൻഗണന കാണിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ജമ്മു കശ്മീരിന് അനുവദിച്ച 81.43 കോടി രൂപയുടെ കേന്ദ്ര വിഹിതത്തിൽ 79.61 കോടി രൂപയും (98 ശതമാനത്തോളം) സർക്കാർ ഇതിനകം കൈമാറിക്കഴിഞ്ഞു. ദേശീയ തലത്തിൽ അനുവദിച്ച ആകെ കേന്ദ്ര വിഹിതത്തിന്റെ 29 ശതമാനം മാത്രം റിലീസ് ചെയ്തപ്പോൾ, എല്ലാ കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയ തുകയുടെ മൂന്നിലൊന്നും ലഭിച്ചത് ജമ്മു കശ്മീരിനാണ്. അതേസമയം, ഉയർന്ന തുക അനുവദിച്ച ആൻഡമാൻ നിക്കോബാറിന് കേന്ദ്ര വിഹിതത്തിന്റെ 8 ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here