കവരത്തി: ​ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ പുതിയ ഉത്തരവ് ഭരണകൂടം പുറത്തിറക്കി. വിവിധ വിഭാഗങ്ങളിലായി ദ്വീപ് സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന എൻട്രി പെർമിറ്റ് നടപടിക്രമങ്ങളിൽ സുപ്രധാനമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇതുപ്രകാരം, സന്ദർശകരുടെ നല്ല പെരുമാറ്റത്തിനും പെരുമാറ്റച്ചട്ടങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സ്പോൺസർമാർ നൽകേണ്ടിയിരുന്ന സത്യവാങ്മൂലം ഇനി മുതൽ ആവശ്യമില്ല. മുൻപ് നോട്ടറി പബ്ലിക്, മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഓത്ത് കമ്മീഷണർ എന്നിവർക്ക് മുൻപാകെ ഒപ്പിട്ടു നൽകേണ്ടിയിരുന്ന ഈ രേഖ ഒഴിവാക്കിയത് യാത്രക്കാർക്കും സ്പോൺസർമാർക്കും വലിയ രീതിയിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും.

Advertisement

​യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ലക്ഷദ്വീപിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുമായാണ് ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ യാത്രക്കാരുടെ വെരിഫിക്കേഷൻ ഉറപ്പാക്കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ അനുമതിയോടെ പുറത്തിറക്കിയ ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി എൻട്രി പെർമിറ്റ് പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എൻ.ഐ.സി (NIC) യോട് നിർദ്ദേശിച്ചിട്ടുണ്ട്. 2026 മാർച്ച് 14-ന് പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവ് ദ്വീപിലെ വിനോദസഞ്ചാര മേഖലയ്ക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ എത്തിക്കുന്നവർക്കും വലിയ ഗുണകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here