
ആന്ത്രോത്ത്: നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങായി എസ്.വൈ.എസ് (SYS) ആന്ത്രോത്ത് സോൺ സാന്ത്വനം വിംഗ് സംഘടിപ്പിച്ച റമളാൻ റിലീഫ് കിറ്റ് വിതരണം നടന്നു. മാർച്ച് 11 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് വിതരണോദ്ഘാടനം നടന്നത്. ആന്ത്രോത്ത് ദ്വീപിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അർഹരായ 250 കുടുംബങ്ങൾക്കാണ് ഇത്തവണ റമളാൻ കിറ്റുകൾ ലഭ്യമാക്കിയത്.

റമളാൻ മാസത്തിൽ അത്യാവശ്യം വേണ്ട വിവിധ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയ കിറ്റുകൾ ആന്ത്രോത്തിലെ അഞ്ച് യൂണിറ്റുകൾക്കായി കൈമാറി. ഈ യൂണിറ്റുകൾ മുഖേന മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം അർഹരായ കുടുംബങ്ങളിലേക്ക് നേരിട്ട് കിറ്റുകൾ എത്തിച്ചു നൽകും. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് സാന്ത്വനം വിംഗ് ഈ പദ്ധതി ആസൂത്രണം ചെയ്തത്.
ചടങ്ങിൽ ആന്ത്രോത്ത് മുസ്ലിം ജമാഅത്ത് ഭാരവാഹികൾ, എസ്.വൈ.എസ്, എസ്.എസ്.എഫ് സോൺ നേതാക്കൾ, സാന്ത്വനം വിംഗ് പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
















