
കവരത്തി: ലക്ഷദ്വീപിലെ തൊഴിലന്വേഷകർക്കും ഉദ്യോഗാർത്ഥികൾക്കും ആശ്വാസകരമായ വാർത്തയുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (LSA). ദ്വീപിലെ വിവിധ 34 വകുപ്പുകളിലായി ഒഴിവുകിടക്കുന്ന രണ്ടായിരത്തി അഞ്ഞൂറിലധികം സ്ഥിര തസ്തികകൾ നിർത്തലാക്കാനുള്ള (Abolish) ഭരണകൂട നീക്കത്തിനെതിരെ നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) ഇപ്പോൾ നടപടി ആരംഭിച്ചിരിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് LSA നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ഈ നിർണ്ണായക നീക്കം.
നിലവിൽ അബോളിഷ് ചെയ്യപ്പെട്ട തസ്തികകളുടെയും, കാലങ്ങളായി നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകളുടെയും പൂർണ്ണമായ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ കമ്മീഷൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി കഴിഞ്ഞു. ദ്വീപ് നിവാസികളുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി LSA നടത്തിയ നിരന്തരമായ ഇടപെടലുകളുടെ വിജയമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ ഭരണകൂടം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















