ബാര്‍ബഡോസ്: ഈ രാത്രി ഇന്ത്യ ഉറങ്ങില്ല. ഇങ്ങനെയൊരു ഫൈനലിന്റെ രാത്രി ഇന്ത്യ മറക്കുകയുമില്ല. സിരകളില്‍ ആവേശം പടര്‍ന്നുകയറിയ വിസ്മയ രാവ്. ഒടുക്കം ഇന്ത്യയുടെ കായികചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തിവെക്കുന്ന ഏറ്റവും സുന്ദരമായ സമ്മോഹനമായ ഒരു രാത്രിയിതാ ബാര്‍ബഡോസില്‍ പിറവിയെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. രോഹിത്തും കോലിയും കിരീടത്തിളക്കത്തില്‍ ആനന്ദനൃത്തമാടുന്നു. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകന്‍മാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശര്‍മ എന്ന പേരും ആലേഖനം ചെയ്യപ്പെടുന്നു. പ്രോട്ടീസ് വീണ്ടും നെഞ്ചുകീറി കരഞ്ഞു. ആദ്യ ലോകകപ്പ് കിരീടം മോഹിച്ചെത്തിയ എയ്ഡന്‍മാര്‍ക്രത്തിനും സംഘത്തിനും കണ്ണീരോടെ മടക്കം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചില്‍ ഇന്ത്യ ജീവന്‍ തിരികെ പിടിച്ചു. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.
ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കംതന്നെ പതറി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ മാര്‍ക്രത്തെ വിക്കറ്റ് കീപ്പര്‍ പന്ത് കൈയ്യിലൊതുക്കി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്ക 12-2 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സ്പിന്നര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോര്‍ അമ്പത് കടത്തി. വൈകാതെ കൂട്ടുകെട്ടും അമ്പത് കടന്നു. എന്നാല്‍ 70 ല്‍ നില്‍ക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 21 പന്തില്‍ നിന്ന് 31 റണ്‍സെടുത്താണ് സ്റ്റബ്‌സ് മടങ്ങിയത്. പിന്നാലെ ഹെന്റിച്ച് ക്ലാസനിറങ്ങി. ക്ലാസനുമായി ചേര്‍ന്നാണ് ഡി കോക്ക് പിന്നീട് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. പത്തോവറില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ്് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലായിരുന്നു. ക്ലാസനും ട്രാക്കിലായതോടെ പ്രോട്ടീസ് സ്‌കോര്‍ 12-ാം ഓവറില്‍ നൂറുകടന്നു. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം.
നേരത്തേ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 176 റണ്‍സെടുത്തു. കോലിയുടേയും അക്ഷര്‍ പട്ടേലിന്റേയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിലിന്നുവരെ നിരാശപ്പെടുത്തിയ കോലി കലാശപ്പോരിൽ മികച്ച ഫോമീമായി തിളങ്ങി നിന്നു.