
കവരത്തി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ലക്ഷദ്വീപ് സന്ദർശനത്തോടനുബന്ധിച്ച് അഗത്തി ദ്വീപ് സമൂഹത്തിൽ (Agatti Group of Islands) മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി ഉത്തരവിറങ്ങി. ലക്ഷദ്വീപ് പോലീസിന്റെ നിർദ്ദേശത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രകാരം 2026 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 01 വരെ അഗത്തി ദ്വീപ് മേഖലയിൽ മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഈ നടപടി. ഇത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവശ്യമായ പ്രചാരണവും വിവരവിനിമയവും ഉറപ്പാക്കാൻ ഫിഷറീസ് യൂണിറ്റ് ഓഫീസർക്ക് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
















