
കവരത്തി: ‘ലക്ഷദ്വീപ് ഫിഷറീസ് ആൻഡ് മാരികൾച്ചർ പോളിസി 2026′ കരട് നയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ദ്വീപിലെ മത്സ്യബന്ധന മേഖലയുടെ വികസനം, സമുദ്രകൃഷിയുടെ (മാരികൾച്ചർ) പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഈ നയം തയാറാക്കിയിട്ടുള്ളതെന്ന് പബ്ലിക് നോട്ടീസിൽ വ്യക്തമാക്കുന്നു.
നയരേഖയിൽ പറയുന്നതനുസരിച്ച്, പരമ്പരാഗത ട്യൂണ മത്സ്യബന്ധനത്തിന് പുറമേ സമുദ്രകൃഷി മേഖലയെ ശാസ്ത്രീയമായി വളർത്തിയെടുക്കാനും, ഫിഷറീസ് കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴി വായ്പകളും പലിശയിളവുകളും നൽകാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ വിളവെടുപ്പിനു ശേഷമുള്ള പ്രക്രിയകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും, കൊച്ചിയിലേക്കും മംഗലാപുരത്തിലേക്കും ശീതീകരിച്ച ശൃംഖലയിലൂടെയുള്ള ചരക്ക് ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ഈ നയത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാൽ, ഈ നയത്തിലൂടെ ദ്വീപിന്റെ സവിശേഷമായ സമുദ്രാതിർത്തികളും ലഗൂണുകളും പുറത്തുനിന്നുള്ള വൻകിട നിക്ഷേപകർക്കും കോർപ്പറേറ്റുകൾക്കും തുറന്നുകൊടുക്കുന്നുവെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്. ദ്വീപിലെ സമുദ്രവിഭവങ്ങളും ലഗൂൺ മേഖലകളും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കായി അളന്നുതിരിച്ച് ലൈസൻസ് നൽകുന്നതിലൂടെ, വർഷങ്ങളായി കടലിനെ ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ സ്വതന്ത്രമായ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നാണ് പ്രധാന ആരോപണം.
വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും കടൽ മേഖലകളിൽ വലിയ തോതിൽ പ്രവേശനം സാധ്യമാകുന്നതിനാൽ, പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം പ്രതിസന്ധിയിലാകുമെന്ന വാദവുമുണ്ട്. വലിയ തുക സുരക്ഷാ ഡെപ്പോസിറ്റായി കെട്ടിവെക്കേണ്ടി വരുന്നതും, ചുരുങ്ങിയ കാലയളവിലേക്ക് മാത്രം ലൈസൻസ് അനുവദിക്കുന്ന വ്യവസ്ഥകളും സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ അകറ്റാനും വൻകിട നിക്ഷേപകരെ സഹായിക്കാനും ഇടയാക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ദ്വീപിന്റെ ദുർബലമായ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയെയും മത്സ്യസമ്പുഷ്ടമായ ലഗൂണുകളെയും വാണിജ്യ താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യാൻ ഈ നയം വഴിയൊരുക്കുമെന്നും വാദമുയരുന്നുണ്ട്.
ഈ പുതിയ കരട് നയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട സ്റ്റേക്ക് ഹോൾഡർമാരിൽ നിന്നും അഡ്മിനിസ്ട്രേഷൻ ക്ഷണിച്ചിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ എന്നിവർക്ക് തങ്ങളുടെ നിർദ്ദേശങ്ങളും എതിർപ്പുകളും നിർദ്ദിഷ്ട ടാബുലാർ ഫോർമാറ്റിൽ സമർപ്പിക്കാവുന്നതാണ്. നയത്തിന്റെ പൂർണ്ണരൂപം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2026 നവംബർ 10-നകം ഔദ്യോഗിക ഇമെയിൽ വിലാസത്തിലോ കവറത്തിയിലെ ഫിഷറീസ് ഡയറക്ടറുടെ ഓഫീസിലോ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കേണ്ടതാണെന്ന് അറിയിപ്പിൽ പറയുന്നു.
















