​കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ റഗുലേഷനുകൾക്കും വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കുമെതിരെ ശക്തമായ ജനകീയ സമരങ്ങൾക്ക് ആഹ്വാനം ചെയ്ത് ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (എൽ.എസ്.എ) രംഗത്ത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ എൽ.എസ്.എയുടെ നേതൃത്വത്തിൽ പ്രതിഷേധ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിലാണ് ഈ സമരം ക്രമീകരിച്ചിരിക്കുന്നത്. സമരത്തിന്റെ ഉദ്ഘാടനം എൽ.എസ്.എ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ അബ്ദുൽ ജവാദ് നിർവഹിച്ചു.

​ലക്ഷദ്വീപിലെ വിഷയങ്ങൾ ഡിജിറ്റൽ-സോഷ്യൽ മീഡിയകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നാം വിജയിച്ചുവെന്നും, ഇനി രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ച് അണിനിരക്കുന്ന ജനകീയ സമരങ്ങളിലേക്ക് കടക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. സംഘടിതമായ ജനകീയ മുന്നേറ്റങ്ങൾക്ക് മാത്രമേ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ എന്നും, അത്തരം വലിയ പ്രത്യക്ഷ സമരങ്ങളുടെ തുടക്കമാണ് ഈ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ ദ്വീപ് ജനതയുടെയും വിദ്യാർത്ഥികളുടെയും ഭാവി തകർച്ചയിലേക്ക് തള്ളിയിടുകയാണെന്ന് സമരക്കാർ പറഞ്ഞു.

​ചടങ്ങിൽ എൽ.എസ്.എ ജനറൽ സെക്രട്ടറി അഫ്താബുദ്ദീൻ, വൈസ് പ്രസിഡൻ്റ് അഹ്മദുൽ മദാർ, സെക്രട്ടറി നജാത്ത്, എൽ.എസ്.എ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് സസീഹ്, പബ്ലിസിറ്റി ബോർഡ് അംഗം സുഐം പുതിയ ഇല്ലം, അക്കാദമിക് സെൽ അംഗം ബാസിൽ എന്നിവരും മറ്റ് എൽ.എസ്.എ അംഗങ്ങളും പങ്കെടുത്തു. എൽ.എസ്.എ മുൻ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ സയ്യിദ് മുഹമ്മദ് അനീസ് സമരത്തിന് ഐക്യദാർഢ്യവും ആശംസകളും അറിയിച്ച് സംസാരിച്ചു.

​ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എല്ലാ തെറ്റായ നയങ്ങൾക്കെതിരെയും ജനങ്ങളെ അണിനിരത്തി ശക്തമായ പോരാട്ടം നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. ലക്ഷദ്വീപിൽ ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ച ഘട്ടങ്ങളിലെല്ലാം എൽ.എസ്.എ അതിന്റെ ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും, ഈ ഘട്ടത്തിലും പോരാട്ടങ്ങളുടെ മുൻനിരയിൽ തന്നെ എൽ.എസ്.എ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. അവകാശങ്ങൾ നേടിയെടുത്ത് വിജയം കാണുന്നതുവരെ വിശ്രമമില്ലാത്ത പോരാട്ടം തുടരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് സമരം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here