
കവരത്തി: ലക്ഷദ്വീപിലെ ഭരണകൂട നടപടികൾക്കെതിരെ അടുത്തിടെ നടന്ന സർവ്വകക്ഷി ഓൺലൈൻ യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി പാർട്ടി അധ്യക്ഷൻ രംഗത്ത്. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത് എന്നതിനാലാണ് യോഗ സംഘാടകർ അവരെ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത്. ഇതിൽ രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി അധ്യക്ഷൻ കാസ്മിക്കോയ പ്രതികരിച്ചത്. “മിസ്‌റാവ്‌കാർ വലിയ ആൾക്കാരൊന്നും ആകണ്ട” എന്ന് ക്ഷുഭിതനായി അദ്ദേഹം വീഡിയോയിലൂടെ പറയുന്നുണ്ട്.
എൻ.സി.പി (എസ്), സി.പി.എം, സി.പി.ഐ, എൽ.ജെ.പി, സി.ജെ.പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെയും വിവിധ സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഈ യോഗം സംഘടിപ്പിച്ചത്. എന്നാൽ ഈ സർവ്വകക്ഷി യോഗം എൻ.സി.പി (എസ്)-ന്റെ താൽപ്പര്യപ്രകാരവും അവർക്ക് വേണ്ടിയും മാത്രമാണ് സംഘടിപ്പിക്കപ്പെട്ടതെന്ന മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അലി അക്ബറിന്റെ പ്രസ്താവനയെ ബി.ജെ.പി അധ്യക്ഷൻ പൂർണ്ണമായി പിന്തുണയ്ക്കുകയും ചെയ്തു.
യോഗത്തിൽ കോൺഗ്രസ് പക്ഷത്തിന്റെ അഭാവവും രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ക്ഷണിച്ചിട്ടും കോൺഗ്രസ് മനപ്പൂർവ്വം വിട്ടുനിൽക്കുകയായിരുന്നുവെന്ന് സംഘാടകർ വ്യക്തമാക്കിയപ്പോൾ, മിസ്‌റാവ് ഒരു സ്വതന്ത്ര മാധ്യമ വേദിയല്ലെന്നായിരുന്നു ചില കോൺഗ്രസ് നേതാക്കളുടെ മറുവാദം. ഇതിനിടയിലാണ് ബി.ജെ.പി അധ്യക്ഷന്റെ പുതിയ വെളിപ്പെടുത്തലുകളും വീഡിയോ പ്രതികരണങ്ങളും. ബി.ജെ.പി പണം നൽകി കവരത്തിയിൽ പബ്ലിക് സ്റ്റേജിൽ ഒരു സംവാദം സംഘടിപ്പിച്ചാൽ അതിൽ പങ്കെടുക്കാൻ തയ്യാറുണ്ടോ എന്ന വെല്ലുവിളി കൂടി അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. ഭരണപ്പാർട്ടിക്ക് പണം ഒരുപാട് ഉണ്ടെങ്കിലും ജനങ്ങൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് ലക്ഷദ്വീപിലുള്ളത്. അതുകൊണ്ട് തന്നെ എല്ലാവരും പങ്കെടുക്കുന്ന ഒരു സംവാദം സംഘടിപ്പിച്ചാൽ അതുവഴി സംഘപരിവാർ ക്യാപ്സൂളുകൾ പൊതു മധ്യത്തിൽ അവതരിപ്പിക്കാം എന്നാവും പാർട്ടി സംസ്ഥാന അധ്യക്ഷൻ ആഗ്രഹിക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ.
















