
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി വിഷയത്തിൽ ദ്വീപ് ഭരണകൂടത്തിന് വീണ്ടും കനത്ത തിരിച്ചടി. ദ്വീപ് നിവാസികൾക്ക് അനുകൂലമായി ജസ്റ്റിസ് ടി.ആർ. രവി പുറപ്പെടുവിച്ച ചരിത്രപരമായ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അഡ്മിനിസ്ട്രേഷൻ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിഷയം വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ ആ വിധി നിലവിൽ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭരണകൂടത്തിന്റെ ഹർജി തള്ളിയതോടെ ദ്വീപ് നിവാസികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സിംഗിൾ ബെഞ്ച് വിധി പൂർണ്ണ പ്രാബല്യത്തോടെ നിലനിൽക്കും.
നൂറ്റാണ്ടുകളായി പണ്ടാരം ഭൂമിയിൽ കൈവശാവകാശവും കൃഷിയും നടത്തിവരുന്ന കൗൾദാർമാരും അവരുടെ അനന്തരാവകാശികളും ഭൂമിയുടെ നിയമപരമായ ഉടമസ്ഥരാണെന്നായിരുന്നു ആഗസ്റ്റ് അഞ്ചിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. 1965-ലെ ലക്ഷദ്വീപ് ലാൻഡ് റെവന്യൂ റെഗുലേഷൻ നടപ്പിലാകുന്നതിന് മുൻപ് തന്നെ ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് പ്രത്യേകം കൈവശാവകാശ ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ, ദ്വീപുനിവാസികളുടെ ഭൂമി ന്യായമായ നഷ്ടപരിഹാരം നൽകാതെയും നിയമപരമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പാലിക്കാതെയും ഭരണകൂടത്തിന് അനായാസം പിടിച്ചെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, 2023-ലെ വിവാദപരമായ ഭേദഗതികൾ റദ്ദാക്കുകയും ചെയ്തിരുന്നു.
സിംഗിൾ ബെഞ്ചിന്റെ ഈ വിധിക്കെതിരെ ഭരണകൂടം നൽകിയ ഹർജിയിൽ സ്റ്റേ ലഭിക്കാതിരുന്നതോടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭൂമി ഏറ്റെടുക്കൽ നീക്കങ്ങൾക്ക് വലിയ തടസ്സമാണ് നേരിട്ടിരിക്കുന്നത്. നിർദ്ദിഷ്ട ആറു മാസത്തിനകം അർഹരായ കൗൾദാർമാർക്ക് ഔദ്യോഗികമായി ഉടമസ്ഥാവകാശം നൽകണമെന്ന സിംഗിൾ ബെഞ്ച് നിർദ്ദേശം നടപ്പിലാക്കാൻ ഭരണകൂടം ബാധ്യസ്ഥരാകും. ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണ്ണായക നിലപാട് പതിറ്റാണ്ടുകളായി ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി നിയമപോരാട്ടം നടത്തുന്ന ലക്ഷദ്വീപ് ജനതയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
















