
കവറത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കും കർശന നിയന്ത്രണങ്ങൾക്കുമെതിരെ ദ്വീപിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെയും സാമൂഹിക സംഘടനകളെയും ഒരുമിപ്പിച്ചു ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി രാഷ്ട്രീയ നേതൃത്വം. മിസ്റാവിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി ചേർന്ന സർവ്വകക്ഷി യോഗത്തിൽ അഡ്മിനിസ്ട്രേഷന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ച് പോരാടണമെന്ന പൊതുവികാരം ഉയർന്നുവന്നു. ദ്വീപിന്റെ ഭാവി സുരക്ഷ മുൻനിർത്തി വരുംദിവസങ്ങളിൽ തന്നെ കവരത്തിയിൽ നേരിട്ട് യോഗം ചേർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ നേതാക്കൾ ധാരണയിലെത്തി.
മുൻ എം.പി മുഹമ്മദ് ഫൈസൽ, എൻ.സി.പി (എസ്.പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. അറഫ മിറാജ്, മുതിർന്ന രാഷ്ട്രീയ നേതാവ് ഡോ. കെ.പി. മുഹമ്മദ് സാദിഖ്, സി.പി.ഐ.എം ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഷാഫി ഖുറൈശി, സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ് സി.ടി. നജ്മുദ്ധീൻ, എൽ.ജെ.പി നേതാവ് റസൂലുദ്ധീൻ, സി.ജെ.പി കോ-ഓർഡിനേറ്റർ അബൂ അന്ത്രോത്ത്, സാമൂഹിക പ്രവർത്തകൻ ജംഹാർ അഗത്തി തുടങ്ങിയ പ്രമുഖ നേതാക്കൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. ‘മിസ്റാവ് ലക്ഷദ്വീപ്’ പ്രതിനിധികളായ സ്വലാഹുദ്ധീൻ പീച്ചിയത്തും മഹദാ ഹുസൈനുമാണ് ചർച്ചകൾക്ക് മോഡറേറ്റർമാരായത്.
എന്നാൽ, നിർണ്ണായകമായ ഈ ഐക്യനിര രൂപീകരണത്തിൽ കോൺഗ്രസ് പാർട്ടി വിട്ടുനിൽക്കുന്നത് വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ നിന്നുള്ള ഏക ജനപ്രതിനിധിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC) പ്രസിഡന്റുമായ അഡ്വ. ഹംദുള്ളാ സഈദുമായി മിസ്റാവ് പ്രതിനിധികൾ നേരിട്ട് സംസാരിക്കുകയും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മറുപടി അറിയിക്കാമെന്ന് പറഞ്ഞെങ്കിലും, തുടർച്ചയായ ഓർമ്മപ്പെടുത്തലുകൾക്ക് ശേഷവും മറുപടി അയക്കുകയോ അദ്ദേഹമോ കോൺഗ്രസിന്റെ മറ്റ് പ്രതിനിധികളോ യോഗത്തിൽ പങ്കെടുക്കുകയോ ചെയ്തില്ല.
ഇതിന് പിന്നാലെ മിസ്രാവ് സ്വതന്ത്ര മാധ്യമമല്ലെന്നും രാഷ്ട്രീയ താൽപ്പര്യമുള്ള പ്ലാറ്റ്ഫോമാണെന്നും ആരോപിച്ച് മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അലി അക്ബർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. തുടക്കത്തിൽ, യോഗത്തിൽ പങ്കെടുത്ത കക്ഷികളെ മാത്രം ഉൾപ്പെടുത്തി മുന്നോട്ട് പോകാനായിരുന്നു തീരുമാനിച്ചതെങ്കിലും, കോൺഗ്രസ് ഈ കൂട്ടായ്മയിൽ നിന്ന് വിട്ടുനിന്നാൽ വീണ്ടും ചേരിതിരിവുകൾ ഉണ്ടാകുമെന്നും അത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കാരണമാകുമെന്നും മുൻ എം.പി മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി. അതിനാൽ കോൺഗ്രസിന് ഒരു അവസരം കൂടി നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
മിസ്റാവ് എന്ന മാധ്യമ പ്ലാറ്റ്ഫോമാണ് കോൺഗ്രസിന്റെ എതിർപ്പിന് കാരണമെങ്കിൽ, എല്ലാവർക്കും സ്വീകാര്യമായ സി.ജെ.പി (CJP) വഴി കോൺഗ്രസിനെ ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കാമെന്ന് യോഗം തീരുമാനിച്ചു. സി.ജെ.പി കോ-ഓർഡിനേറ്റർ അബൂ അന്ത്രോത്ത് ഈ ചുമതല ഏറ്റെടുക്കുകയും കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്താമെന്ന് സമ്മതിക്കുകയും ചെയ്തതോടെയാണ് യോഗം പിരിഞ്ഞത്. 2020-ൽ രൂപീകരിച്ച സേവ് ലക്ഷദ്വീപ് ഫോറം മുന്നേറ്റത്തിലും കോൺഗ്രസിന്റെ സമാനമായ നിലപാടുകൾ പ്രതിസന്ധി സൃഷ്ടിച്ചിരുന്ന സാഹചര്യത്തിൽ, പുതിയ നീക്കങ്ങൾക്ക് കോൺഗ്രസ് കൈകോർക്കുമോയെന്നാണ് ദ്വീപു ജനത ഉറ്റുനോക്കുന്നത്.
















