
കടമത്ത്: ലക്ഷദ്വീപിന്റെ സാങ്കേതിക ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ച് കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. കോളേജിലെ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അവസാന വർഷ വിദ്യാർത്ഥികൾ നിർമ്മിച്ച, എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘വാക്ട്രോൺ 01’ (VACTRON 01) എന്ന സ്മാർട്ട് വാക്വം ക്ലീനിംഗ് റോബോട്ട് വിജയകരമായി പുറത്തിറക്കി. ലക്ഷദ്വീപിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക ഉൽപ്പന്നം പ്രാദേശികമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത്. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയ ഈ പദ്ധതിക്കായി ഏകദേശം പന്ത്രണ്ടായിരം രൂപയുടെ സാമ്പത്തിക സഹായം കോളേജ് അഡ്മിനിസ്ട്രേഷൻ ലഭ്യമാക്കി.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 19-ന് വൈകുന്നേരം 3:45-ന് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. അമിനി ഡെപ്യൂട്ടി കളക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എഡ്യൂക്കേഷൻ അഡീഷണൽ ഡയറക്ടറുമായ ശ്രീ ദീപക് കുമാർ (DANICS) ഓൺലൈനായി പങ്കെടുത്താണ് റോബോട്ടിന്റെ ഔദ്യോഗിക വീഡിയോയും ‘വാക്ട്രോൺ 01’ എന്ന നാമകരണവും നിർവ്വഹിച്ചത്. തുടർന്ന് നടന്ന തത്സമയ പ്രദർശനത്തിൽ പ്രൊജക്റ്റ് ടീം ലീഡർ മുഹമ്മദ് സ്വാലിഹ് പി.പി. റോബോട്ടിന്റെ സാങ്കേതിക സവിശേഷതകൾ വിശദീകരിച്ചു. നിരവധി ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിഭാഗം മേധാവി അബൂസ്വാലിഹ് പി.പി. സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. രേഖ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. അക്കാദമിക് കോർഡിനേറ്റർ ഡോ. കെ.സി. മിർസാദ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷനിലെ സബ്ജക്ട് എക്സ്പേർട്ട് ശ്രീ ഷാനവാസ് എ.കെ, പി.ടി.എ പ്രസിഡന്റ് ശ്രീ കെ.എം. അബ്ദുൽ മുത്തലിഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പദ്ധതിയിൽ പങ്കാളികളായ പ്രതിഭകളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദേവ് സ്ക്വാഡ് വൈസ് പ്രസിഡന്റ് കുമാരി സഫ്വാന സി. കൃതജ്ഞത രേഖപ്പെടുത്തി. ലക്ഷദ്വീപിലെ യുവതലമുറയുടെ വളർന്നുവരുന്ന സാങ്കേതിക മികവിനും പ്രായോഗിക കഴിവുകൾക്കും വലിയൊരു തെളിവായി ഈ ശാസ്ത്രനേട്ടം മാറിയിരിക്കുകയാണ്.
















