
വിവിധ ദ്വീപുകളിൽ ജനകീയ ബോധവൽക്കരണവും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും; സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ കവരത്തിയിൽ ചേർന്ന നേതൃയോഗത്തിൽ ധാരണ
കവരത്തി: ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ തുടർ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കാൻ കവരത്തിയിൽ ചേർന്ന ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (എൽ.ടി.സി.സി) നേതൃയോഗം തീരുമാനിച്ചു. ദ്വീപസമൂഹങ്ങളിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി വരും ദിവസങ്ങളിൽ വിവിധ ദ്വീപുകളിൽ ജനകീയ ബോധവൽക്കരണ പരിപാടികളും വ്യത്യസ്തമായ പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിനായുള്ള വിപുലമായ തയ്യാറെടുപ്പുകൾക്ക് യോഗം രൂപം നൽകി.
പാർട്ടിയുടെ സംഘടനാ സംവിധാനം താഴെത്തട്ടുമുതൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കാനും നേതൃയോഗത്തിൽ ധാരണയായി. പോഷക സംഘടനകളും വിവിധ ദ്വീപുകളിലെ ബ്ലോക്ക് കമ്മിറ്റികളും കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കണമെന്നും ജനകീയ വിഷയങ്ങൾ സജീവമായി ഏറ്റെടുത്ത് സമരരംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു.
ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഹംദുള്ള സഈദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ രണ്ടാം സെഷനിൽ എ.ഐ.സി.സി നിരീക്ഷകൻ വിജയ് സിംഗ് പ്രത്യേക അതിഥിയായി പങ്കെടുത്തു. എൽ.ടി.സി.സി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, വിവിധ പോഷക സംഘടനാ അധ്യക്ഷന്മാർ, കോർഡിനേറ്റർമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.
















