
കവരത്തി: ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ ആഗസ്റ്റ് 19, 20 തീയതികളിൽ കള്ളക്കടൽ (Swell Surge) പ്രതിഭാസത്തെത്തുടർന്ന് കടുത്ത കടലാക്രമണത്തിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) മുന്നറിയിപ്പ് നൽകി. നിലവിലുള്ള ഗുരുതര സാഹചര്യം കണക്കിലെടുത്ത് കവരത്തി ആസ്ഥാനമായുള്ള ലക്ഷദ്വീപ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ദ്വീപുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിനായിരം കിലോമീറ്ററോളം അകലെ ഉണ്ടായ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് ഉയർന്ന ഊർജ്ജസ്വലതയുള്ള ദീർഘകാല തിരമാലകൾ ഉത്ഭവിച്ച് ഇന്ത്യൻ തീരങ്ങളിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 19-ന് പുലർച്ചെ 02:30 മുതൽ ഓഗസ്റ്റ് 20-ന് വൈകുന്നേരം 05:30 വരെയുള്ള കാലയളവിലാണ് ഈ പ്രതിഭാസം ഏറ്റവും തീവ്രമാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഉയർന്ന വേലിയേറ്റ സമയത്ത് വരുന്ന ഈ ശക്തമായ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന തീരപ്രദേശങ്ങളിൽ വലിയ തോതിൽ കടൽവെള്ളം കയറി വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയേറെയാണ്. 1.2 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുമെന്നാണ് കേന്ദ്ര സമുദ്രസ്ഥിതി പഠന കേന്ദ്രം പ്രവചിക്കുന്നത്.
സാഹചര്യത്തിന്റെ ഗൗരവം മുൻനിർത്തി തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയ വള്ളങ്ങളും ബോട്ടുകളും യാതൊരു കാരണവശാലും തീരത്തോടടുത്ത കടലിൽ ഇറക്കരുതെന്ന് അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു. നിലവിൽ കടലിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകൾ പരസ്പരം കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ അവ കൃത്യമായ അകലം പാലിച്ചുമാത്രം നിർത്തേണ്ടതാണ്. കൂടാതെ ബീച്ചുകളിലും തീരപ്രദേശങ്ങളിലും നടക്കുന്ന എല്ലാവിധ വിനോദസഞ്ചാര, വിനോദ പരിപാടികളും പൂർണ്ണമായും നിർത്തിവെയ്ക്കാൻ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
കടൽവെള്ളം പെട്ടെന്ന് കരയിലേക്ക് ഇരച്ചുകയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണം.
ൾ കുട്ടികളെയും മുതിർന്നവരെയും യാതൊരു കാരണവശാലും കടൽത്തീരങ്ങളിലോ അപകടസാധ്യതയുള്ള പ്രദേശങ്ങളിലോ പോകാൻ അനുവദിക്കരുത്. കേന്ദ്ര സമുദ്രസ്ഥിതി പഠന കേന്ദ്രവും ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കവരത്തി കളക്ടറേറ്റിൽ നിന്ന് അധികൃതർ അറിയിച്ചു.
















