
കവരത്തി: കവരത്തിയിലെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത മുൻ എൻ.വൈ.സി (NYC) അധ്യക്ഷനും ‘സോഷ്യലിസ്റ്റ് ടോക്സ്’ എഡിറ്ററുമായ സൈദ് ഹാമിദ് ചെറിയകോയയ്ക്ക് ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിന് കവരത്തിയിലെ പാർട്ടി പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് വൻ സ്വീകരണമാണ് നൽകിയത്.
സ്വീകരണ യോഗത്തിൽ സംസാരിക്കവെ, നാടിനു വേണ്ടി ജയിലറയിൽ കിടക്കേണ്ടി വന്നാലും മരിച്ചു വീഴേണ്ടി വന്നാലും ഈ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭരണകൂടം കോടതികളെയും നിയമ സംവിധാനങ്ങളെയും മറികടന്ന് ഇന്ത്യൻ ഭരണഘടനയെ ചവറ്റുകുട്ടയിൽ എറിയുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് രവീന്ദ്രൻ കമ്മീഷൻ ഉത്തരവുകൾ പോലും കാറ്റിൽപ്പറത്തിയാണ് വിനോദസഞ്ചാര പദ്ധതികൾക്കായി ഭൂമി കയ്യേറുന്നതെന്നും ചെറിയകോയ ആരോപിച്ചു. അറസ്റ്റിലായ നിമിഷം മുതൽ പോലീസ് സ്റ്റേഷന് മുന്നിൽ ഉറക്കമൊഴിഞ്ഞ് നിന്ന ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയുമുള്ളപ്പോൾ ആരെയും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപരമായ എല്ലാ ഭിന്നിപ്പുകളും വ്യത്യാസങ്ങളും മറന്നുകൊണ്ട്, താൻ അറസ്റ്റിലായ സമയം മുതൽ ഈ നിമിഷം വരെ ദ്വീപുജനത ഒന്നടങ്കം തനിക്ക് നൽകിയ സ്നേഹവും കരുതലും വലിയ ശക്തിയാണെന്ന് ചെറിയകോയ പറഞ്ഞു. നാടിനുവേണ്ടിയുള്ള പോരാട്ടത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ജനങ്ങൾ ഒന്നിച്ച് കൂടെനിൽക്കുമെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















