
കവരത്തി: തിണ്ണകരയിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പേരിൽ രൂപീകരിച്ച ലക്ഷദ്വീപ് ഐക്യവേദി എന്ന കൂട്ടായ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും സലാഹുദ്ധീൻ പീച്ചിയത്തിനെയും മഹദാ ഹുസൈനെയും യാതൊരുവിധ കാരണവും വ്യക്തമാക്കാതെ പുറത്താക്കി. ഡൽഹിയിൽ ക്യാമ്പ് ചെയ്തിരുന്ന ഐക്യവേദി പ്രവർത്തകരെ മാർച്ച് 6 ന് ഇരുവരും ഡൽഹിയിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചിരുന്നു.
കോൺഗ്രസ്സ് പാർട്ടി ഔദ്യോഗിക പിന്തുണ നൽകാതിരുന്നിട്ടും അതിനെതിരെ പരസ്യ പ്രസ്താവന നടത്താത്ത ഐക്യ വേദിക്കെതിരെ പക്ഷപാതമടക്കമുള്ള പല രീതിയിലുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളായ എൻസിപി (എസ്‌പി) നേതാക്കളായ ഇരുവരെയും യാതൊരു കാരണവും കൂടാതെ പുറത്താക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐക്യവേദിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച വന്നപ്പോൾ ഇവർ രണ്ടുപേരും ഐക്യവേദി അഡ്ഹോക്ക് കമ്മിറ്റിയിൽ ആക്ടീവല്ല എന്ന വിശദീകരണമാണ് ഇവരെ പുറത്താക്കിയ വൈസ് പ്രസിഡണ്ട് ജംഹർ പറയുന്നത്. എന്നാൽ ഇത് അഡ്ഹോക്ക് കമ്മിറ്റിയിലെയോ ഐക്യവേദി ഗ്രൂപ്പിലെയോ മറ്റ് അംഗങ്ങളുമായി ചർച്ച ചെയ്ത് എടുത്ത തീരുമാനമല്ല എന്ന് എല്ലാവരും ആവർത്തിച്ച് പറയുന്നു.
പ്രതിഷേധ പോരാട്ടങ്ങൾക് പിന്തുണ അറിയിക്കുക എന്ന വളരെ സദുദ്ദേശപരമായ നിലപാട് തന്നെയാണ് ഞങ്ങൾ കൈകൊണ്ടത് എന്ന് മഹദാ ഹുസൈനും സലാഹുദ്ദീൻ പീച്ചിയത്തും ദ്വീപ് മലയാളിയോട് പറഞ്ഞു. ഐക്യവേദിയുടെ ഇത്തരം നിരുത്തരവാദപരമായ നിലപാടുകൾ എല്ലാ ഐക്യപ്പെടലുകളെയും ബാധിക്കും എന്ന ഒരു അഭിപ്രായം മാത്രമേ ഇപ്പോൾ പറയാനുള്ളു എന്ന് ഇവർ രണ്ടുപേരും പ്രതികരിച്ചു.
