
ആന്ത്രോത്ത്: ലക്ഷദ്വീപിൽ ഇസ്ലാമിക പ്രബോധനവുമായി കടന്നു വന്ന പ്രമുഖ താബിഈ നേതൃത്വമാണ് ഹസ്രത്ത് മുമ്പ് മൗലാ തങ്ങൾ (റ.അ). പ്രവാചകർ (സ.അ) തങ്ങളുടെ നിർദേശപ്രകാരമാണ് മുമ്പ് മൗലാ തങ്ങൾ ദ്വീപുകളിൽ എത്തുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് തന്നെ നമ്മുടെ കൊച്ചു തുരുത്തുകളിൽ ഇസ്ലാം എത്തിയിരുന്നു. ഇസ്ലാമിക പ്രബോധനത്തിനായി സ്വഹാബികളും താബിഉകളും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പലായനം ചെയ്തിട്ടുണ്ട്.
എന്നാൽ ഒരു പ്രദേശത്തെ മുഴുവൻ ആളുകളെയും ഇസ്ലാമിക പ്രബോധനം കൊണ്ട് മാറ്റിയെടുത്ത ചരിത്രങ്ങൾ വിരളമാണ്. എന്നാൽ മുമ്പ് മൗലാ തങ്ങൾ പ്രബോധനത്തിനായി എത്തിയ ലക്ഷദ്വീപിലെ എട്ട് ദ്വീപുകളിലും പൂർണ്ണമായും പരിവർത്തനം നടത്താൻ അദ്ദേഹത്തിന് സാധിച്ചു. അത് കൊണ്ട് തന്നെ അദ്ദേഹത്തെ ‘ഫാത്തിഹുൽ ജസാഇർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ഹിജ്റ 42-ൽ തന്നെ ലക്ഷദ്വീപിലെ എട്ട് ദ്വീപുകളിലും പൂർണ്ണമായും ഇസ്ലാമിക പ്രദേശമായി മാറിയിട്ടുണ്ടെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രബോധന പ്രവർത്തനങ്ങൾക്ക് ശേഷം ആന്ത്രോത്ത് ദ്വീപിൽ പാട്ടകൽ തറവാട്ടിൽ ഒരു റമളാൻ 27-ന് അദ്ദേഹം വഫാത്തായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ആന്ത്രോത്ത് ജുമുഅത്ത് പള്ളിയുടെ വടക്കേ ഭാഗത്തായി മറമാടിയിരിക്കുന്നു. ഇന്നും വിശ്വാസി സമൂഹം അവരുടെ പ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ സന്ദർശനം നടത്തി വരുന്നു.
മഹാനവർകളുടെ പേരിൽ എല്ലാ വർഷവും റമളാൻ 27-ന് അതി വിപുലമായ രീതിയിൽ ഉറൂസ് നടത്തി വരുന്നു. ആന്ത്രോത്ത് ജുമുഅത്ത് പള്ളിയിൽ മുതവല്ലിമാരായ പാട്ടകൽ തറവാട് കാരണവന്മാരുടെയും ഖാളി സയ്യിദ് മുസ്തഫ സഖാഫിയുടെയും നേതൃത്വത്തിൽ മുൻകാലങ്ങളിലേത് പോലെ വിപുലമായ ഉറൂസ് മുബാറക് നടക്കുന്നു.
ആന്ത്രോത്തിന് പുറമെ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും മുമ്പ് മൗലാ തങ്ങളുടെ സ്മരണാർത്ഥം ഉറൂസ് സംഘടിപ്പിച്ച് വരുന്നു. അമിനിയിൽ പഴയ ജുമുഅത്ത് പള്ളി പരിസരത്ത് ഉറൂസ് സംഘടിപ്പക്കുന്നതായി സംഘാടകർ അറിയിച്ചു.
