
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള 2500-ലധികം സ്ഥിര തസ്തികകൾ നിർത്തലാക്കാനുള്ള (Abolish) നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA). ഇതിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് LSA പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ലക്ഷദ്വീപിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ ഈ വിവാദ നടപടി.
രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ലക്ഷദ്വീപിലാണെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (NSO) റിപ്പോർട്ട് പുറത്തുവന്നിരുന്നു. 36.2 ശതമാനമാണ് ദ്വീപിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. ഈ പ്രതിസന്ധി നിലനിൽക്കെയാണ് ഒഴിഞ്ഞുകിടക്കുന്ന രണ്ടായിരത്തഞ്ഞൂറോളം തസ്തികകൾ നികത്തുന്നതിന് പകരം അവ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നത്. 2025 ഒക്ടോബറിൽ “ഇൻക്വിലാബ്” എന്ന പേരിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾ. വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടികവർഗ്ഗ കമ്മീഷനും എൽ.എസ്.എ നിവേദനം നൽകിയിരുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ഉപജീവനത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് അഡ്മിനിസ്ട്രേഷൻ നടത്തുന്നതെന്ന് LSA ആരോപിക്കുന്നു. ജനുവരി 30-ന് കവരത്തി സെക്രട്ടറിയേറ്റിലേക്കും വിവിധ ദ്വീപുകളിലെ ഡിസി ഓഫീസുകളിലേക്കും പോലീസ് വിലക്ക് ലംഘിച്ച് സംഘടന മാർച്ച് നടത്തിയിരുന്നു. വിദ്യാഭ്യാസ-ആരോഗ്യ-ഗതാഗത മേഖലകളെ തകർക്കാനും സർക്കാർ ജോലികൾ ഇല്ലാതാക്കി ദ്വീപ് ജനതയെ സാമ്പത്തികമായി തകർക്കാനുമാണ് പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുന്നതെന്ന് എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. മിസ്ബാഹുദ്ദീൻ പറഞ്ഞു. അവകാശങ്ങൾ നേടിയെടുക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
















