ആമുഖം

​ഭരണഘടനയുടെ 240-ാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രപതി പുറപ്പെടുവിച്ച ‘ലക്ഷദ്വീപ് ടൗൺ ആന്റ് കണ്ട്രി പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് റെഗുലേഷൻ, 2026’ സുസ്ഥിര വികസനവും വിനോദസഞ്ചാര പ്രോത്സാഹനവും ലക്ഷ്യമിടുന്നു എന്നാണ് ഔദ്യോഗികമായി അവകാശപ്പെടുന്നത്. എന്നാൽ ഈ വിജ്ഞാപനത്തിലെ ഓരോ വകുപ്പും ഖണ്ഡിക തിരിച്ചുള്ള പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ, പ്രദേശവാസികളുടെ ജനാധിപത്യ ഭരണാവകാശങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും പൂർണ്ണമായി ഇല്ലാതാക്കി, പുറത്തുനിന്നുള്ള കോർപ്പറേറ്റ് ശക്തികൾക്കായി ഈ പവഴദ്വീപുകളെ അധിനിവേശത്തിന് തുറന്നുകൊടുക്കുന്ന ഭയാനകമായ ഭരണകൂട തന്ത്രമാണ് പുറത്തുവരുന്നത്.

മണ്ണും ജീവിതവും പുനർനിർവ്വചിക്കപ്പെടുന്ന പ്രാഥമിക വ്യവസ്ഥകൾ (സെക്ഷനുകൾ 1-2)

​റെഗുലേഷന്റെ ഒന്നാം സെക്ഷനിൽ ലക്ഷദ്വീപിലെ എല്ലാ ഭാഗങ്ങളിലേക്കും ഈ നിയമത്തെ വിപുലീകരിക്കുന്നു. രണ്ടാം വകുപ്പിലെ നിർവ്വചനങ്ങൾ ദ്വീപ് നിവാസികളുടെ നിത്യജീവിതത്തെയും സ്വത്തുക്കളെയും വൻ തോതിൽ ബാധിക്കുന്ന വിധത്തിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കെട്ടിട നിർമ്മാണങ്ങൾ, വികസന പ്രവർത്തനങ്ങൾ, ഭൂവിനിയോഗ മാറ്റങ്ങൾ എന്നിവയ്ക്ക് നൽകിയിരിക്കുന്ന നിർവ്വചനങ്ങൾ അത്യന്തം വിപുലമാണ്. ഒരു വീടിന്റെ വാതിലോ ജനലോ മാറ്റിവെക്കുന്നതോ, മഴക്കാലത്തിന് ശേഷം മേൽക്കൂര നന്നാക്കുന്നതോ പോലും സർക്കാരിന്റെ അനുമതി ആവശ്യമായ വലിയ വികസന പ്രവർത്തനമായി ഇതിൽ ചിത്രീകരിക്കപ്പെടുന്നു.

​അതുപോലെ തന്നെ, കൃഷി എന്ന നിർവ്വചനത്തിൽ നിന്നും വീടുകളോട് ചേർന്നുള്ള തെങ്ങിൻതോപ്പുകളെയും പച്ചക്കറിത്തോട്ടങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. ദ്വീപുകാരുടെ പ്രധാന ഉപജീവനവും ഭക്ഷ്യസുരക്ഷയുമായ തെങ്ങിൽ തോട്ടങ്ങളെ സംരക്ഷണം ഒന്നുമില്ലാത്ത ഭൂമിയാക്കി മാറ്റാനാണ് ഇത് വഴിമരുന്നിടുന്നത്. ഒപ്പം, ‘ലാന്റ് പൂളിംഗ്’, ‘ട്രാൻസ്ഫറബിൾ ഡെവലപ്‌മെന്റ് റൈറ്റ്‌സ്’, ‘ജനസംഖ്യാ പുനരധിവാസം’ എന്നിവയ്ക്കുള്ള നിയമപരമായ നിർവ്വചനങ്ങൾ ഇതിലൂടെ കൊണ്ടുവരുന്നു. പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ഭാരതീയ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനും ജീവനോപാധികൾക്കുമുള്ള മൗലികാവകാശമായ അനുച്ഛേദം 21-ന്റെ ലംഘനമാണ്.

​തലമുറകളായി സ്വന്തം മണ്ണിൽ അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളെ അവരുടെ വീടുകളിൽ തന്നെ അനധികൃത താമസക്കാരായി മാറ്റുന്ന നിയമ തന്ത്രമാണിത്. സ്വന്തം പറമ്പിലെ ചെറിയ അറ്റകുറ്റപ്പണിക്ക് പോലും അഡ്മിനിസ്ട്രേഷന്റെ പടിവാതിലുകൾ കയറിയിറങ്ങേണ്ടി വരുന്നതും ജീവനോപാധികളെ തടസ്സപ്പെടുത്തുന്നതും പൗരാവകാശങ്ങളുടെ മേലുള്ള കടുത്ത കടന്നുകയറ്റമാണ്.

അധികാര കേന്ദ്രീകരണവും ഗ്രാമപഞ്ചായത്തുകളുടെ തകർച്ചയും (സെക്ഷനുകൾ 3-8)

​രണ്ടാം അധ്യായം ദ്വീപിലെ മുഴുവൻ ഭൂവിനിയോഗവും നിയന്ത്രിക്കുന്നതിനായി ചീഫ് ടൗൺ പ്ലാനറെയും ലക്ഷദ്വീപ് പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് ബോർഡിനെയും പ്രതിഷ്ഠിക്കുന്നു. അഡ്മിനിസ്ട്രേറ്റർ അധ്യക്ഷനായ ഇരുപതിലധികം അംഗങ്ങളുള്ള ഈ ബോർഡിൽ മുഴുവൻ കേന്ദ്ര ഉദ്യോഗസ്ഥരും മന്ത്രാലയ പ്രതിനിധികളുമാണ് നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷദ്വീപിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്തുകളുടെ കാലാവധി പൂർത്തിയായിട്ടും തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ടുപോകുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയിലിരിക്കെ, ഭരണഘടനാപരമായ ജനാധിപത്യ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള അവസരമായാണ് അഡ്മിനിസ്ട്രേഷൻ ഇതിനെ ഉപയോഗിക്കുന്നത്. കോടതി കേസ് നിലനിൽക്കുന്നത് ഒരു മറയാക്കി നിർത്തി പഞ്ചായത്തിരാജ് വ്യവസ്ഥകളെയും അധികാരങ്ങളെയും പൂർണ്ണമായി മറികടന്ന് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

​ഭരണഘടനയുടെ 243ZD അനുച്ഛേദ പ്രകാരം ജില്ലാ തലത്തിലുള്ള വികസന പ്ലാനിംഗുകൾ നടത്തേണ്ടത് ജനപ്രതിനിധികൾ അടങ്ങുന്ന ബോഡിയാണ്. എന്നാൽ പഞ്ചായത്തുകൾ ഇല്ലാത്ത സാഹചര്യം മുതലെടുത്ത്, സെക്ഷൻ 4 പ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്ന് ഒരേയൊരു പ്രതിനിധിയെ മാത്രം നാമമാത്രമായി ബോർഡിൽ ഉൾപ്പെടുത്തുമെന്ന വ്യവസ്ഥ പറയുന്നുണ്ടെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലും ഇനി എന്ന് നടക്കും എന്ന് പറയാത്ത ഭരണകൂടം നടത്തുന്ന ഈ പൊറാട്ട് നാടകം പകൽപോലെ വ്യക്തമാണ്. ഇത്തരം നീക്കങ്ങൾ ഭരണഘടനാപരമായ പഞ്ചായത്തിരാജ് തത്വങ്ങളെ തച്ചുടക്കുന്നതാണ്. സെക്ഷൻ 8 പ്രകാരം മാസ്റ്റർ പ്ലാനിംഗ്, സാമ്പത്തിക കാഴ്ചപ്പാടുകൾ രൂപീകരിക്കൽ, ഭൂമിയുടെ ഉപയോഗ പരിധി നിശ്ചയിക്കൽ എന്നിവയിലെല്ലാം അന്തിമ തീരുമാനം എടുക്കുന്നത് ഈ ബോർഡാണ്. നിർദ്ദിഷ്ട പ്ലാനിംഗ് ബോർഡിൽ ജനപ്രതിനിധികളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ നിറയ്ക്കുന്നത് ഭരണഘടനയുടെ 73, 74 ഭേദഗതികൾ മുന്നോട്ടുവെക്കുന്ന അധികാരവികേന്ദ്രീകരണ തത്വങ്ങൾക്ക് നേരേയുള്ള വെല്ലുവിളിയാണ്.

​തെരഞ്ഞെടുപ്പ് നടത്താതെ കോടതി കേസ് മറയാക്കി ജനങ്ങളുടെ ജനാധിപത്യ ഭരണാവകാശങ്ങളെ അട്ടിമറിക്കുന്ന നടപടിയാണിത്. ദ്വീപിന്റെ ഭൂമിശാസ്ത്രമോ സാംസ്കാരിക സവിശേഷതകളോ അറിയാത്ത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കയ്യിലേക്ക് ഭരണച്ചരട് നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുകയാണ് ഭരണകൂടം.

മുകളിൽ നിന്നും അടിച്ചേൽപ്പിക്കുന്ന റീജിയണൽ പ്ലാനുകൾ (സെക്ഷനുകൾ 9-21)

​അടുത്ത 20 വർഷത്തേക്കുള്ള റീജിയണൽ പ്ലാനിംഗ് തയ്യാറാക്കാനുള്ള ചുമതല ചീഫ് ടൗൺ പ്ലാനർക്ക് നൽകുന്നു. ഗതാഗതം, ടൂറിസം, ഉയർന്ന ജനസാന്ദ്രതാ മേഖലകൾ, കോസ്റ്റൽ റെഗുലേഷൻ സോൺ എന്നിവയെല്ലാം ഈ പ്ലാനിംഗിന്റെ പരിധിയിൽ വരുന്നു. പ്ലാൻ തയ്യാറാക്കിയ ശേഷം പൊതുജനങ്ങൾക്ക് പരാതി നൽകാൻ രണ്ട് മാസത്തെ സമയം നൽകുമെന്നും നിയമത്തിൽ പറയുന്നുണ്ട്.

​എന്നാൽ, ഈ പരാതികൾ സ്വീകരിക്കാനോ തള്ളാനോ ബോർഡിന് പൂർണ്ണ അധികാരമുണ്ട്. അതിലുപരിയായി, സാധാരണക്കാരുടെ വികസനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ, കേന്ദ്ര-കേന്ദ്രഭരണ സർക്കാരുകളുടെ വികസന പദ്ധതികൾക്കും വൻകിട ടൂറിസം പദ്ധതികൾക്കും റീജിയണൽ പ്ലാനിംഗിൽ നിന്ന് പൂർണ്ണ ഇളവ് നൽകാൻ സെക്ഷൻ 16, 17 വകുപ്പുകളിൽ വ്യവസ്ഥ ചെയ്യുന്നു. പൗരന്മാർക്ക് ഒരു നിയമവും ഭരണകൂടത്തിനും കോർപ്പറേറ്റുകൾക്കും മറ്റൊരു നിയമവും എന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന സമത്വത്തിനുള്ള മൗലികാവകാശത്തിന്റെ (Right to Equality) ലംഘനമാണ്. കൂടാതെ, മണലെടുപ്പും കടൽത്തീര മലിനീകരണവും തടയുന്ന വകുപ്പുകൾ സാധാരണക്കാരന് മേൽ ചുമത്തുമ്പോൾ, കൂറ്റൻ റിസോർട്ടുകൾക്കായും തുറമുഖങ്ങൾക്കായും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാകുന്നില്ല.

​ജനങ്ങളുടെ നിർദ്ദേശങ്ങൾ കേൾക്കുന്നു എന്ന് വരുത്തിതീർക്കുന്ന വെറുമൊരു നാടകം മാത്രമാണ് ഇവിടെ നടക്കുന്നത്. വൻകിട കോർപ്പറേറ്റ് ടൂറിസം പദ്ധതികൾക്ക് നിയമപരമായ ഇളവുകൾ നൽകുകയും സാധാരണക്കാരന്റെ ചെറിയ ആവശ്യങ്ങൾക്ക് കടുത്ത പിഴകൾ ചുമത്തുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ തുല്യതയില്ലാത്ത നീതികേടാണ്.

പ്ലാനിംഗ് അതോറിറ്റികളും നീക്കം ചെയ്യപ്പെടുന്ന പഞ്ചായത്ത് നിയമങ്ങളും (സെക്ഷനുകൾ 22-28)

ദ്വീപുകളിലെ ഏത് ഭാഗത്തെയും പ്ലാനിംഗ് ഏരിയയായി പ്രഖ്യാപിക്കാനും അവിടെ പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റികൾ രൂപീകരിക്കാനും അഡ്മിനിസ്ട്രേഷന് സാധിക്കും. ഇത്തരം അതോറിറ്റികളുടെ തലപ്പത്ത് സർക്കാരിന്റെ നാമനിർദ്ദേശം ചെയ്യപ്പെട്ട വിദഗ്ദ്ധരും ഉദ്യോഗസ്ഥരുമായിരിക്കും ഉണ്ടായിരിക്കുക.

നിലവിൽ തെരഞ്ഞെടുപ്പ് നടത്താത്തതിനാൽ ഗ്രാമപഞ്ചായത്തുകൾ നിർജ്ജീവമായി കിടക്കുകയാണ്. ഇനി ഭാവിയിൽ തദ്ദേശീയ ഗ്രാമപഞ്ചായത്തുകൾ നിലവിൽ വന്നാൽ പോലും, അവയെ പ്ലാനിംഗ് അതോറിറ്റിയായി പ്രഖ്യാപിക്കുമ്പോൾ അഡ്മിനിസ്ട്രേഷൻ പ്രതിനിധി അധ്യക്ഷനായ ഒരു പ്രത്യേക പ്ലാനിംഗ് കമ്മിറ്റിയുടെ കീഴിൽ മാത്രമേ പഞ്ചായത്തുകൾക്ക് പ്രവർത്തിക്കാൻ സാധിക്കൂ എന്ന് സെക്ഷൻ 24 അനുശാസിക്കുന്നു. അതോടൊപ്പം, ഡ്രോൺ സർവേകൾ ഉപയോഗിച്ചും സാറ്റലൈറ്റ് ഭൂപടങ്ങൾ ഉപയോഗിച്ചും ജനങ്ങളുടെ ഓരോ ഇഞ്ച് സ്ഥലവും നിരീക്ഷണത്തിന് വിധേയമാക്കപ്പെടും.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വെറും കത്തയക്കൽ ഏജൻസികളാക്കി മാറ്റുകയും, തെരഞ്ഞെടുപ്പ് വൈകിപ്പിച്ച് ദ്വീപിനെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥരുടെ മാത്രം നിരീക്ഷണ കൂടാരമാക്കി മാറ്റുകയുമാണ് ഈ വകുപ്പുകളിലൂടെ ചെയ്യുന്നത്.

ഭൂവിനിയോഗ ഭൂപടങ്ങളും അപകടകരമായ സമയപരിധിയും (സെക്ഷനുകൾ 29-31)

പ്ലാനിംഗ് അതോറിറ്റി നിലവിൽ വന്ന് ആറ് മാസത്തിനകം മുഴുവൻ ഭൂമിയുടെയും വിവരങ്ങൾ അടങ്ങിയ ലാന്റ് യൂസ് രജിസ്റ്ററും മാപ്പും തയ്യാറാക്കണം. ഇത് പ്രസിദ്ധീകരിച്ച ശേഷം അതിൽ തെറ്റുകളോ എതിർപ്പുകളോ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്നത് വെറും 30 ദിവസത്തെ സമയം മാത്രമാണ്.

ദ്വീപുകൾ തമ്മിലുള്ള യാത്രാ ബുദ്ധിമുട്ടുകളും ഇൻ്റർനെറ്റ് സേവനങ്ങളുടെ തടസ്സങ്ങളും നിലനിൽക്കുന്ന ഒരു പ്രദേശത്ത് 30 ദിവസം എന്നത് അത്യന്തം കുറഞ്ഞ സമയപരിധിയാണ്. പാവപ്പെട്ട ജനങ്ങളുടെ പരമ്പരാഗത വസ്തുക്കൾ തെറ്റായി വാണിജ്യ മേഖലയായോ സർക്കാർ ഭൂമിയായോ രേഖപ്പെടുത്തിയാൽ, സമയത്തിന് പരാതി നൽകാൻ സാധിക്കാതെ വന്നാൽ ആ തെറ്റായ ഭൂപടം അന്തിമമായി അംഗീകരിക്കപ്പെടും. സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് (Principles of Natural Justice) വിരുദ്ധമായ ഈ വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന നീതിയുക്തമായ നടപടിക്രമങ്ങളുടെ ലംഘനമാണ്.

ദ്വീപ് സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളെ പൂർണ്ണമായി അവഗണിച്ചുകൊണ്ട് നിശ്ചയിച്ചിരിക്കുന്ന ഈ ചുരുങ്ങിയ സമയപരിധി സാധാരണക്കാരായ വസ്തു ഉടമകളെ പരാതി നൽകാനുള്ള അവസരം പോലും നിഷേധിച്ച് ചതിയിൽ പെടുത്താനുള്ള ഒരു നിയമപരമായ കെണിയാണ്.

മാസ്റ്റർ പ്ലാനിംഗും കുടിയൊഴിപ്പിക്കലിന്റെ പുതിയ രീതികളും (സെക്ഷനുകൾ 32-45)

​10 വർഷത്തെ കാലാവധിയുള്ള മാസ്റ്റർ പ്ലാനിംഗ് തയ്യാറാക്കുന്ന പ്രക്രിയയാണിത്. ഇതിൽ മേഖലകൾ തിരിക്കൽ, ടൂറിസം മേഖലകൾ നിശ്ചയിക്കൽ, പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ എന്നിവ ഉൾപ്പെടുന്നു. ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി സ്വകാര്യ ഭൂമികൾ ഏറ്റെടുക്കാൻ സെക്ഷൻ 33(2) അനുവാദം നൽകുന്നുണ്ട്.

​ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാര തുക നൽകുന്നതിന് പകരം ട്രാൻസ്ഫറബിൾ ഡെവലപ്‌മെന്റ് റൈറ്റ്‌സ് (TDR) സർട്ടിഫിക്കറ്റുകൾ നൽകി ഒഴിഞ്ഞുമാറാൻ സർക്കാരിന് സാധിക്കും. ഭരണഘടനയുടെ അനുച്ഛേദം 300A പ്രകാരം ഒരാളുടെ സ്വത്ത് നിയമപരമായ ന്യായമായ നഷ്ടപരിഹാരമില്ലാതെ ഏറ്റെടുക്കാൻ പാടില്ല. എന്നാൽ വികസനം തടയപ്പെടുന്ന ഭൂമികളുടെ ഉടമകൾക്ക് മറ്റ് സ്ഥലങ്ങളിൽ നിർമ്മാണം നടത്താനുള്ള അനുമതി പത്രമായി ടി.ഡി.ആർ നൽകുന്നത് ന്യായമായ നഷ്ടപരിഹാരത്തിന് പകരമാകില്ല. ഒരിഞ്ച് ഭൂമി പോലും ഒഴിവിൽ ഇല്ലാത്ത ചെറിയ ദ്വീപുകളിൽ ഈ കടലാസ് രേഖ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല.

​പണത്തിന് പകരം മൂല്യമില്ലാത്ത കടലാസ് കഷണങ്ങൾ നൽകി ജനങ്ങളുടെ തലമുറകളായുള്ള ഭൂമി തട്ടിയെടുക്കുന്നതും, ഭരണഘടനാപരമായ സ്വത്തവകാശ തത്വങ്ങളെ ലംഘിച്ച് കുടിയൊഴിപ്പിക്കുന്നതുമായ നയമാണ് ടി.ഡി.ആറിലൂടെ നടപ്പിലാക്കുന്നത്.

കനത്ത പിഴകളും പോലീസ് ബലപ്രയോഗവും (സെക്ഷനുകൾ 46-59)

മാസ്റ്റർ പ്ലാനിംഗ് പ്രാബല്യത്തിൽ വരുന്നതോടെ അനുമതിയില്ലാതെ ഒരു നിർമ്മാണവും നടത്താൻ സാധിക്കില്ല. ഭൂമി ഭാഗം വെക്കുന്നതിനും വഴികൾ ഉണ്ടാക്കുന്നതിനും മുൻകൂർ അനുമതി നിർബന്ധമാണ്. പ്ലാനിംഗ് അതോറിറ്റിയുടെ സാക്ഷ്യപത്രം ഇല്ലാതെ ഭൂമി കൈമാറ്റങ്ങളോ രജിസ്ട്രേഷനുകളോ നടത്താൻ സാധിക്കില്ലെന്ന് സെക്ഷൻ 53 വ്യക്തമാക്കുന്നു.

അനുമതിയില്ലാതെ നിർമ്മാണം നടത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെ പിഴയും, ലംഘനം തുടരുന്ന ഓരോ ദിവസത്തിനും ഇരുപതിനായിരം രൂപ വീതം അധിക പിഴയും ഈടാക്കാൻ വകുപ്പുണ്ട്. ഇതിനും പുറമെ, അനധികൃതമെന്ന് കരുതുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ പോലീസിനെ ഉപയോഗിച്ച് ആളുകളെ ബലമായി ഒഴിപ്പിക്കാനും, ആ പൊളിച്ചുനീക്കൽ ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാനും സെക്ഷൻ 57 സർക്കാരിന് അധികാരം നൽകുന്നു.

തീരദേശവാസികളായ സാധാരണക്കാരുടെ വരുമാന പരിധികളെപ്പോലും പരിഹസിക്കുന്ന രീതിയിലുള്ള കനത്ത പിഴകളും പോലീസ് രാജും അടിച്ചേൽപ്പിക്കുന്നത് ജനങ്ങളെ സ്വന്തം മണ്ണിൽ ഭയചകിതരാക്കി മാറ്റാനേ ഉപകരിക്കൂ.

ടൗൺ പ്ലാനിംഗ് സ്കീമുകളും 40 ശതമാനം ഭൂമി കവർച്ചയും (സെക്ഷനുകൾ 60-113)

ടൗൺ പ്ലാനിംഗ് സ്കീമുകൾ വഴി സ്വകാര്യ ഭൂമികൾ ഒരുമിച്ചുകൂട്ടി പുനർവിന്യസിക്കാനുള്ള വിപുലമായ നിയമങ്ങൾ എട്ടാം അധ്യായത്തിലുണ്ട്. സെക്ഷൻ 60(4)(k) പ്രകാരം ഓരോ സ്വകാര്യ ഭൂവുടമയിൽ നിന്നും കൃത്യമായ ശതമാനം ഭൂമി വികസന ആവശ്യങ്ങൾക്കായി സർക്കാർ പിടിച്ചെടുക്കുന്നു.

റോഡുകൾക്കായി 15 ശതമാനവും, പാർക്കുകൾക്കും തുറസ്സായ സ്ഥലങ്ങൾക്കുമായി 5 ശതമാനവും, പൊതു അടിസ്ഥാന സൗകര്യങ്ങൾക്കായി 5 ശതമാനവും, പദ്ധതി ചെലവ് കണ്ടെത്താൻ സർക്കാരിന് വിൽക്കുന്നതിനായി 15 ശതമാനവും ഭൂമി വെട്ടിക്കുറയ്ക്കുന്നു. അതായത് ആകെ 40 ശതമാനം സ്വകാര്യ ഭൂമിയാണ് യാതൊരു സാമ്പത്തിക നഷ്ടപരിഹാരവും നൽകാതെ ജനങ്ങളിൽ നിന്ന് കവരുന്നത്. അനുച്ഛേദം 300A കൽപ്പിക്കുന്ന സുതാര്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളെ പൂർണ്ണമായും കാറ്റിൽപ്പറത്തുന്ന വ്യവസ്ഥയാണിത്. കൂടാതെ, സെക്ഷൻ 65(2)(e) പ്രകാരം ഒരു വ്യക്തിയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം മറ്റൊരു വ്യക്തിയിലേക്ക് മാറ്റാൻ അതോറിറ്റിക്ക് അധികാരം നൽകുന്നതും, ബാക്കി ഭൂമിക്ക് മൂല്യം വർദ്ധിച്ചു എന്ന് കാണിച്ച് ബെറ്റർമെന്റ് ലെവി ഈടാക്കാനും, അത് അടച്ചില്ലെങ്കിൽ ബാക്കി ഭൂമി ലേലം ചെയ്യാനും (Sec 108(2)) ഉള്ള വകുപ്പുകൾ കടുത്ത ഭരണഘടനാ വിരുദ്ധത പുലർത്തുന്നു.

കുറഞ്ഞ വിസ്തൃതി മാത്രമുള്ള ദ്വീപിൽ ഒരു ഭൂ ഉടമയിൽ നിന്നും 40 ശതമാനം ഭൂമി സൗജന്യമായി പിടിച്ചെടുക്കുന്നതിലൂടെയും ഒരു വ്യക്തിയുടെ ഭൂമി മറ്റൊരാൾക്ക് വെച്ചുമാറുന്നതിലൂടെയും ഭൂരിഭാഗം കുടുംബങ്ങളും സ്വന്തം വീടും സ്ഥലവും നഷ്ടപ്പെട്ട് തെരുവിലാകും.

പഞ്ചായത്ത് ഫണ്ടുകളുടെ കവർച്ചയും പ്രാദേശിക പ്ലാനിംഗും (സെക്ഷനുകൾ 114-122)

ഓരോ ചെറിയ പ്രദേശങ്ങൾക്കും ലോക്കൽ ഏരിയ പ്ലാനിംഗ് തയ്യാറാക്കാൻ ഈ നിയമം അനുവാദം നൽകുന്നു. കെട്ടിടങ്ങളുടെ ഉയരം, ലേഔട്ട് എന്നിവ മാറ്റുമ്പോൾ അതിന് പുറത്തുനിൽക്കുന്ന വീടുകൾ മൂന്ന് മാസത്തിനകം ഒഴിപ്പിച്ചു മാറ്റാൻ സാധിക്കും. ഒപ്പം, പ്ലാനിംഗ് അതോറിറ്റിയുടെ ചെലവുകൾക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നു.

ഈ ഫണ്ടിലേക്ക് തദ്ദേശീയ ഗ്രാമപഞ്ചായത്തുകളുടെ വാർഷിക ഫണ്ടിന്റെ 10 ശതമാനം നിർബന്ധമായും നൽകണമെന്ന് സെക്ഷൻ 120(1)(c) അനുശാസിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുപ്പ് നടത്താതെ നിഷ്പ്രഭമാക്കിക്കൊണ്ടുതന്നെ, അവയുടെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് കൈവെക്കുന്നത് സാമ്പത്തിക ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ്.

ഗ്രാമപഞ്ചായത്തുകൾ നിർജ്ജീവമാക്കി നിർത്തിക്കൊണ്ട് തന്നെ അവയുടെ തനത് ഫണ്ടുകൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥ ഭരണത്തിന്റെ ചെലവുകൾക്കായി ഉപയോഗിക്കുന്നത് ജനങ്ങളുടെ പ്രാദേശിക വികസന ഫണ്ടുകളെ കവർന്നെടുക്കുന്ന നടപടിയാണ്.

കോടതികളുടെ അധികാരം കവരലും അനിയന്ത്രിതമായ ഉദ്യോഗസ്ഥ ഭരണവും (സെക്ഷനുകൾ 123-154)

​അവസാന അധ്യായത്തിൽ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണ്. സെക്ഷൻ 125 പ്രകാരം വെറും 24 മണിക്കൂർ നോട്ടീസ് നൽകി പ്രദേശവാസികളുടെ വീടുകളിലും പറമ്പുകളിലും പരിശോധനയ്ക്കായി കയറാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. ഇത് ഭരണഘടനയുടെ അനുച്ഛേദം 21 നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെയും (Right to Privacy) ലംഘനമാണ്.

​അതോടൊപ്പം, സെക്ഷൻ 66, 80, 142 എന്നിവ പ്രകാരം അതോറിറ്റിയുടെയും ബോർഡിന്റെയും തീരുമാനങ്ങൾ അന്തിമമാണെന്നും അവ ചോദ്യം ചെയ്യാൻ കോടതികളെ സമീപിക്കാൻ സാധിക്കില്ലെന്നും വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ഉദ്യോഗസ്ഥർ എടുക്കുന്ന നടപടികൾക്കെതിരെ കേസ് കൊടുക്കുന്നതിൽ നിന്നും ജനങ്ങളെ തടയുന്ന ഗുഡ് ഫെയ്ത്ത് (Good Faith) സംരക്ഷണ വകുപ്പുകളും സെക്ഷൻ 135-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ചരിത്രപരമായ വിധികൾ പ്രകാരം (L. Chandra Kumar v. Union of India) ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും ഭരണഘടനാപരമായ ജുഡീഷ്യൽ റിവ്യൂ (Judicial Review) തത്വങ്ങളെ ഇല്ലാതാക്കാൻ ഒരു നിയമത്തിനും സാധിക്കില്ല. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് (Basic Structure) എതിരാണ്.

​മതപരവും സാംസ്കാരികവുമായ വ്യക്തിജീവിത വിശുദ്ധി സൂക്ഷിക്കുന്ന ദ്വീപ് സമൂഹത്തിന്റെ വീടുകളിലേക്ക് പരിശോധനയുടെ പേരിൽ കടന്നുകയറുന്നത് സ്വകാര്യതയ്ക്ക് മേലുള്ള അധിനിവേശമാണ്. ഉദ്യോഗസ്ഥർക്ക് പൂർണ്ണ നിയമ സംരക്ഷണം നൽകി ജനങ്ങളുടെ കോടതി അവകാശങ്ങൾ തടയുന്നത് ഏകാധിപത്യപരമായ രീതിയാണ്.

ഇനിയും നമ്മൾ ഭിന്നിച്ച് നിന്നുകൂടാ. എല്ലാം മറന്ന് ഒന്നിക്കണം. ഒറ്റക്കെട്ടായി പോരാടണം

ലക്ഷദ്വീപ് ടൗൺ ആന്റ് കണ്ട്രി പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് റെഗുലേഷൻ, 2026 എന്നത് നഗരാസൂത്രണത്തിനുള്ള വെറുമൊരു നിയമനിർമ്മാണമല്ല. മറിച്ച്, തെരഞ്ഞെടുപ്പുകൾ നീട്ടിക്കൊണ്ടുപോയി ഗ്രാമപഞ്ചായത്തുകളെ മറികടന്നും, 40% ഭൂമി പിടിച്ചെടുത്തും, ഭരണഘടനാപരമായ കോടതി അവകാശങ്ങളെ പോലും തടഞ്ഞും നമ്മെ നമ്മുടെ സ്വന്തം ജന്മനാട്ടിൽ നിന്ന് സാവധാനം ഒഴിപ്പിക്കാനുള്ള സമഗ്രമായ പദ്ധതിയാണ്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടേണ്ട പഞ്ചായത്തുകൾക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്താനും, പ്രദേശവാസികളുടെ ഭരണഘടനാപരമായ ഭൂമിയവകാശങ്ങൾ നിലനിർത്താനും, ഈ ഭയാനകമായ നിയമത്തിലെ ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ വ്യവസ്ഥകൾ ഉടനടി റദ്ദാക്കാനും കേന്ദ്ര സർക്കാരും ബഹുമാനപ്പെട്ട രാഷ്ട്രപതിയും തയ്യാറാകേണ്ടതുണ്ട്. സ്വന്തം മണ്ണിലെ അവകാശങ്ങൾക്കായി ശബ്ദമുയർത്തേണ്ടത് ലക്ഷദ്വീപിന്റെ ഭാവി തലമുറയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഇത് തിരഞ്ഞെടുപ്പ് കാലമല്ല, നമ്മെ തിരഞ്ഞുപിടിച്ച് നാടുകടത്താൻ സർവ്വ സന്നാഹങ്ങളുമായി ഭരണകൂടം മുന്നോട്ടു പോവുന്ന കെട്ട കാലമാണ്. എല്ലാ രാഷ്ട്രീയ, മത വ്യത്യാസങ്ങൾക്കും അതീതമായി നമ്മൾ ദ്വീപുകാരാണ്. നാം ഒന്നിച്ചാൽ, നമ്മെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധ്യമല്ല. ഇന്ന് ഈ ഘട്ടത്തിലും ഒന്നിച്ച് മുന്നോട്ട് പോകാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്നാണ് നമ്മൾ ഒന്നിക്കുക. നമുക്ക് ഒരുമിക്കാം. ഒന്നായി പോരാടാം.

LEAVE A REPLY

Please enter your comment!
Please enter your name here