കൊച്ചി: ‘ഇന്റർനാഷണൽ ഇയർ ഓഫ് ദി വുമൺ ഫാർമർ 2026’-ന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ദേശീയ മത്സ്യത്തൊഴിലാളി വനിതാ സംഗമത്തിൽ (നാഷണൽ ഫിഷർവുമൺ കോൺക്ലേവ്) സജീവ സാന്നിധ്യമായി ലക്ഷദ്വീപ് പ്രതിനിധി സംഘം. സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) [SOFTI], ഐ.സി.എ.ആർ-കേന്ദ്ര മൽസ്യസങ്കേതിക ഗവേഷണ കേന്ദ്രം (ICAR-CIFT) എന്നിവർ സംയുക്തമായാണ് ഈ ദേശീയ സംഗമം സംഘടിപ്പിച്ചത്. ഇന്ത്യയുടെ ബ്ലൂ ഇക്കണോമിയിൽ വനിതകളുടെ പങ്കാളിത്തവും അവകാശങ്ങളും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

​കോൺക്ലേവിന്റെ ഭാഗമായി കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി വനിതകൾക്കായി പ്രത്യേക സെഷൻ ഒരുക്കിയിരുന്നു. ഐ.സി.എ.ആർ-സി.ഐ.എഫ്.ടി സീനിയർ ശാസ്ത്രജ്ഞയായ ഡോ. റെജുല കെ നേതൃത്വം നൽകിയ ഈ പ്രധാന സെഷന്റെ വിജയകരമായ നടത്തിപ്പിന് ഫിഷ് പ്രോസസിങ് വിഭാഗം മേധാവിയും പ്രോഗ്രാം കൺവീനറുമായ ഡോ. ജെ. ബിന്ദു ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകി.

​സെഷനിൽ ലക്ഷദ്വീപിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും മത്സ്യവിഭവ സംസ്കരണ രംഗത്തെ വനിതാ സംരംഭകരും നേരിടുന്ന സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, വിപണന മേഖലയിലെ കടുത്ത വെല്ലുവിളികൾ എന്നിവ വിശദമായി ചർച്ച ചെയ്തു. ദ്വീപിന്റെ ആവശ്യങ്ങളും ശബ്ദവും അധികാരികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഫാത്തിമത്ത് ഖുറൈഷയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് സംഘം തയ്യാറാക്കിയ ഔദ്യോഗിക നിവേദനം ചടങ്ങിൽ വെച്ച് സയന്റിസ്റ്റുകൾക്കും സംഘാടകർക്കും സമർപ്പിച്ചു. വിവിധ ഫിഷർമാൻ അസോസിയേഷൻ ഫെഡറേഷൻ അംഗങ്ങളും ചർച്ചകളിൽ പങ്കെടുത്ത് പിന്തുണയറിയിച്ചു.

​തങ്ങൾക്ക് അന്തർദ്ദേശീയ പ്രാധാന്യമുള്ള ഒരു വേദിയിൽ അവസരം ഒരുക്കി നൽകിയ ശാസ്ത്രജ്ഞരായ ഡോ. റെജുല, ഡോ. ജെ. ബിന്ദു എന്നിവർക്കും, കൊച്ചിയിലെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹത്തോടെയും കരുതലെടെയും ഏകോപിപ്പിച്ച ICAR-CIFT, CMFRI അധികൃതർക്കും സംഘാടകർക്കും ലക്ഷദ്വീപ് സംഘം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഈ കോൺക്ലേവിലെ പങ്കാളിത്തം ലക്ഷദ്വീപിലെ മത്സ്യമേഖലയിലെ തൊഴിലാളികളുടെയും വനിതാ സംരംഭകരുടെയും സമഗ്രമായ ഉന്നമനത്തിനും ഭാവി വികസനങ്ങൾക്കും പുതിയ കരുത്തുപകരുമെന്നും പ്രതിനിധി സംഘം പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here