കവരത്തി: ​അധികൃതരുടെ മുൻകൂറായുള്ള അനുമതിയില്ലാതെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ തടയാൻ ലക്ഷദ്വീപ് ഭരണകൂടം നടപടികൾ ശക്തമാക്കി. നിയമവിരുദ്ധ നിർമാണങ്ങൾ നിരീക്ഷിക്കുന്നതിനായി റവന്യൂ വകുപ്പ് കളക്ടറേറ്റിൽ നിന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ജഗ്ദീഷ് ശർമ്മയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

​അനുമതിയില്ലാത്ത നിർമാണങ്ങൾ കണ്ടെത്താൻ ഓരോ വാർഡിലും പരിശോധനാ ഉദ്യോഗസ്ഥരെ നിയമിക്കും. ഡെപ്യൂട്ടി കളക്ടർമാർ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ എന്നിവരുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അനുയോജ്യരായ ആളുകളെയാണ് വാർഡ് തല നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തുന്നത്. ഇങ്ങനെ നിയമിതരാകുന്ന ഉദ്യോഗസ്ഥർ ദിവസവും രാവിലെയും വൈകുന്നേരവും പ്രദേശങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടർമാർക്കോ ബി.ഡി.ഓമാർക്കോ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

​ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് ഫീൽഡ് പരിശോധന നടത്തി കാര്യങ്ങൾ ഉറപ്പുവരുത്തും. കൂടാതെ, നിയമിക്കപ്പെടുന്ന പരിശോധനാ ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, വാർഡ് വിവരങ്ങൾ, ബന്ധപ്പെടേണ്ട നമ്പർ എന്നിവ കളക്ടറേറ്റ് ഓഫീസിലേക്ക് എത്രയും വേഗം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here