കവരത്തി: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം മുൻകൂട്ടി യാതൊരുവിധ നോട്ടീസോ അറിയിപ്പോ നൽകാതെ പൊളിച്ചുമാറ്റാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നടപടിക്കെതിരെ കവരത്തിയിൽ പ്രതിഷേധം. പോലസ് സ്റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന നിർമ്മാണത്തിലിരുന്ന കെട്ടിടം പൊളിച്ചുമാറ്റാൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എത്തിയതാണ് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. കളക്ടറുടെ വാക്കാൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ എൻ.സി.പി (എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. കോയ അറഫാ മിഅഃറാജിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

​നോട്ടീസ് നൽകുകയോ കൃത്യമായ നിയമനടപടികൾ പാലിക്കുകയോ ചെയ്യാതെയാണ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പൊളിക്കൽ ആരംഭിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനോടകം തന്നെ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയിരുന്നു. വിവരമറിഞ്ഞ് വാട്സ്ആപ്പ് സന്ദേശങ്ങൾ വഴി നിമിഷങ്ങൾക്കുള്ളിൽ സംഭവസ്ഥലത്ത് സംഘടിച്ച പാർട്ടി പ്രവർത്തകർ പൊളിക്കൽ നടപടികൾ തടയുകയും ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു.

​കളക്ടറുടെ കേവലമൊരു വാക്കാൽ നിർദ്ദേശത്തിന്റെ മാത്രം ബലത്തിൽ നിയമപരമായ നടപടിക്രമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് അഡ്മിനിസ്ട്രേഷൻ മുന്നോട്ട് പോകുന്നതെന്ന് അഡ്വ. കോയ അറഫാ മിഅഃറ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ ഭൂമിയിലേക്കും സ്വത്തുക്കളിലേക്കും കടന്നുകയറുന്ന അഡ്മിനിസ്ട്രേഷന്റെ ഇത്തരം ഏകപക്ഷീയമായ നീക്കങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും, വിഷയം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധം കനത്തതോടെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here