
കവരത്തി: ലക്ഷദ്വീപിൽ പൊതുവിതരണ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ മാസം മുതൽ തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്ത റേഷൻ കാർഡുകൾ സിസ്റ്റം വഴി സ്വയം റദ്ദാക്കപ്പെടും (ഡീ-ആക്റ്റിവേറ്റ്). ഇതിനുപുറമെ, ഇ-കെവൈസി (eKYC) പൂർത്തിയാക്കാൻ അറിയിപ്പ് ലഭിച്ചിട്ടും 90 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കാത്ത അംഗങ്ങളുടെ പേരുകൾ കാർഡിൽ നിന്ന് നീക്കം ചെയ്യുന്നതാണെന്നും കവരത്തി ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസറും ഫുഡ് സപ്ലൈ ഓഫീസറുമായ എൻ. ജമാലുദ്ദീൻ അറിയിച്ചു.
ഇത്തരം നടപടികൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ പ്രതിമാസം മുടങ്ങാതെ റേഷൻ വിഹിതം കൈപ്പറ്റേണ്ടതുണ്ട്. ഇ-കെവൈസി പൂർത്തിയാക്കാൻ ബാക്കിയുള്ളവർ തൊട്ടടുത്തുള്ള റേഷൻ കടകളിലെ ഇ-പോസ് (ePOS) മെഷീൻ വഴിയോ ‘Mera-eKYC’ മൊബൈൽ ആപ്പ് വഴിയോ ഉടൻ തന്നെ പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്. കൂടാതെ, കുട്ടികൾക്ക് 5 വയസ്സും 15 വയസ്സും തികയുമ്പോഴും, മുതിർന്നവർ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ ബയോമെട്രിക്‌സ് വിവരങ്ങൾ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണം.
റേഷൻ കാർഡിൽ ലിങ്ക് ചെയ്തിരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കാർഡിൽ നൽകിയിട്ടുള്ള വിലാസം ശരിയാണെന്ന് ഉറപ്പുവരുത്തുകയും, എല്ലാ അംഗങ്ങളുടെയും ഫോൺ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. പുതിയ ഫോൺ നമ്പർ ചേർക്കുന്നതിനും വിലാസം തിരുത്തുന്നതിനുമായി പൊതുജനങ്ങൾക്ക് https://ld.smartpds.nic.in എന്ന ഔദ്യോഗിക പോർട്ടലിലെ ‘Citizen Login’ ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിച്ച് അടിയന്തരമായി വിവരങ്ങൾ പുതുക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു.
















