കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹ-വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കും ലക്ഷദ്വീപ് ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് റെഗുലേഷനുമെതിരെ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA) കവരത്തിയിൽ സംഘടിപ്പിച്ച പ്രക്ഷോഭം ശക്തമായ ബഹുജന മുന്നേറ്റമായി മാറി. ദ്വീപിന്റെ ഭൂമിയും പരമ്പരാഗത ജീവിതക്രമവും തകർക്കുന്ന പുതിയ പ്ലാനിംഗ് നിയമങ്ങൾ നടപ്പിലാക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെയാണ് ഈ പ്രക്ഷോഭം പ്രധാനമായും കേന്ദ്രീകരിച്ചത്. ജനങ്ങളുടെ ഭൂ അവകാശങ്ങൾ കവരുന്നതിനും ദ്വീപുകാരെ കുടിയൊഴിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന ഈ നിയമങ്ങൾക്കൊപ്പം, തൊഴിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനും സ്ഥിര നിയമനങ്ങൾ ഒഴിവാക്കുന്നതിനുമെതിരെയുള്ള ശക്തമായ ആവശ്യങ്ങളും എൽ.എസ്.എയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ ഉയർന്നുകേട്ടു. ദ്വീപിന്റെ ഭാവി തകർക്കുന്ന ഈ ഭരണകൂട നീക്കങ്ങളെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് സമരക്കാർ വ്യക്തമാക്കി.

പ്രക്ഷോഭത്തിൽ സംസാരിച്ച മുൻ എം.പി ശ്രീ പി.പി. മുഹമ്മദ് ഫൈസൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിനും അദ്ദേഹത്തിന് ചൂട്ട് പിടിക്കുന്ന സ്വയം രാജാക്കന്മാരായി ചമഞ്ഞ് ഭരണം നടത്തുന്ന ഉദ്യോഗസ്ഥർക്കും ശക്തമായ മുന്നറിയിപ്പ് നൽകി. ഭരണതലത്തിൽ എല്ലാ കാലത്തും ഇതേ ഭരണാധികാരികൾ എന്നെന്നും അധികാരത്തിൽ തുടരില്ലെന്നും അവസ്ഥകൾ മാറ്റപ്പെടുമെന്നും ഓർമ്മിപ്പിച്ചു. ഭരണചക്രം മാറുമ്പോൾ “We will hunt you down” എന്ന് പ്രഖ്യാപിച്ച അദ്ദേഹം, അന്ന് ഏത് ആകാശത്ത് പോയാലും ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും, ജനങ്ങളെ ഉപദ്രവിച്ച ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവന്ന് ദ്വീപിന്റെ മണ്ണിൽ നിർത്തി ഓരോ ദ്വീപുകാരനോടും മാപ്പ് ചോദിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വലിയ പ്രക്ഷോഭത്തിൽ രാഷ്ട്രീയ ഭേദമന്യേ നിരവധിയേറെ നേതാക്കൾ പങ്കെടുത്തു. എൻ.സി.പി (ശരദ് പവാർ) സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറഫ മിറാജ്, ജനറൽ സെക്രട്ടറി ഒ.പി. അബ്ദുൽ ജബ്ബാർ തുടങ്ങിയ മുതിർന്ന നേതാക്കളും മറ്റ് വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു. ദ്വീപിന്റെ ജനാധിപത്യ അവകാശങ്ങളും ഭൂമിയും സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവൻ ജനങ്ങളും ഈ ജനകീയ പ്രക്ഷോഭത്തിൽ അണിചേരണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here