
കവരത്തി: ലക്ഷദ്വീപ് ആരോഗ്യ സേവന വകുപ്പിന് കീഴിലുള്ള കവരത്തി ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ 2026-2027 അക്കാദമിക് വർഷത്തെ 4 വർഷ ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസും സയൻസ് വിഷയങ്ങളിൽ പ്ലസ് ടുവും വിജയിച്ച യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ആകെ 30 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് https://lakshadweep.gov.in/ അല്ലെങ്കിൽ https://dn.onlineregistrationforms.com/ എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് (EWS) വിഭാഗക്കാർക്ക് 500 രൂപയും, എസ്.സി/എസ്.ടി (SC/ST) വിഭാഗക്കാർക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. നെറ്റ് ബാങ്കിംഗ് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകളും വെബ്സൈറ്റിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് അപ്‌ലോഡ് ചെയ്യുകയും പകർപ്പ് കോളേജിൽ സമർപ്പിക്കുകയും വേണം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 20 വരെ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20 രാത്രി 8.00 മണിവരെയാണ്. അപേക്ഷ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0265-4080026 എന്ന ടോൾ ഫ്രീ നമ്പറിലോ dnhlak@onlineregistrationforms.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ആരോഗ്യ സേവന ഡയറക്ടർ ഡോ. വിക്രം സിംഗാൾ അറിയിച്ചു.
















