
അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ സ്വകാര്യ സ്വത്തുക്കൾക്ക് നേരെ നടന്ന പൊളിച്ചുനീക്കൽ നടപടികളിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി ആരോപിച്ച് എൻ.സി.പി (എസ്.പി) അഗത്തി പ്രസിഡന്റ് അഗത്തി ബപ്പത്തിയോട ഹൗസിൽ മുഹമ്മദ് ഹനീഫ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ച്, ഹനീഫയുടെ സ്വത്തുമായി ബന്ധപ്പെട്ട തുടര്നടപടികള് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയും കെട്ടിടം കൂടുതൽ പൊളിച്ചുനീക്കുന്നത് പൂർണ്ണമായി തടയുകയും ചെയ്തു.
പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയും, ന്യായമായ സമയം പോലും അനുവദിക്കാതെയുമാണ് ഹനീഫയുടെ കെട്ടിടത്തിന്റെ ഒരു ഭാഗം അധികൃതർ പൊളിച്ചുനീക്കിയതെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ കോടതികളുടെ ഉത്തരവുകളെ മറികടക്കാൻ അഡ്മിനിസ്ട്രേറ്റീവ് അധികാരങ്ങൾക്ക് സാധിക്കില്ലെന്നും, ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികൾ മനഃപൂർവ്വമായ നിയമലംഘനമാണെന്നും എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റും ഹർജിക്കാരന്റെ അഭിഭാഷകരിൽ ഒരാളുമായ അഡ്വ. കോയ അറഫ മിറാജ് പ്രസ്താവിച്ചു.
കേസിൽ ലക്ഷദ്വീപ് ഭരണകൂടം, അഡ്മിനിസ്ട്രേറ്റർ, അഗത്തി ഡെപ്യൂട്ടി കളക്ടർ എന്നിവർക്ക് വേണ്ടി സ്റ്റാൻഡിംഗ് കൗൺസെൽ നോട്ടീസ് കൈപ്പറ്റി. കൂടാതെ സംഭവത്തിൽ നേരിട്ട് പങ്കാളികളായ അഗത്തി ഡെപ്യൂട്ടി കളക്ടർ മൻദീപ് കുമാർ, സർവേയർ മൻസൂർ അഹമ്മദ് സി.ജി, സബ് ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) അമീർ ബിൻ മുഹമ്മദ് സി.എൻ എന്നീ ഉദ്യോഗസ്ഥർക്ക് സ്പീഡ് പോസ്റ്റ് വഴി വ്യക്തിഗതമായി നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൂടുതൽ വാദത്തിനായി കേസ് 2026 നവംബർ 17-ലേക്ക് മാറ്റി.
















