ന്യൂഡൽഹി: ലക്ഷദ്വീപിലെ സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെയും സ്പെഷ്യൽ ടീച്ചർമാരുടെയും നിയമനം, നിലവിലെ സേവന സാഹചര്യം, ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ എന്നിവ മുൻനിർത്തി സുപ്രീംകോടതിയിൽ നിർണായക നിയമനടപടികൾക്ക് തുടക്കമായി. ദ്വീപിൽ സേവനമനുഷ്ഠിക്കുന്ന യോഗ്യരായ സ്പെഷ്യൽ എജ്യൂക്കേറ്റർമാർക്ക് നിയമാനുസൃതമായ സ്ഥിരം നിയമനവും സേവനസുരക്ഷയും ഉറപ്പാക്കാനുള്ള നിയമപോരാട്ടത്തിന്റെ ആദ്യപടിയായി അധ്യാപകനായ സൈനുദ്ദീൻ UP സുപ്രീംകോടതിയിൽ വക്കാലത്ത് സമർപ്പിച്ചു.

ലക്ഷദ്വീപിലെ മുഴുവൻ സ്പെഷ്യൽ ടീച്ചർമാരെയും ഈ നിയമനടപടിയുടെ ഭാഗമായി കേസിൽ കക്ഷി ചേർക്കുന്നതിനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ അഡ്വ. ബൽരാജ് സിംഗ് മാലിക്കിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അധ്യാപകർക്കായി കേസ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ പ്രത്യേക വിദ്യാഭ്യാസ അവകാശം ഉറപ്പാക്കാൻ മുൻകാല സുപ്രീംകോടതി വിധികളും നിർദ്ദേശങ്ങളും, ഒപ്പം ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമ വ്യവസ്ഥകളും (RPwD Act, 2016) ചൂണ്ടിക്കാട്ടി ശക്തമായ വാദങ്ങൾ ഉന്നയിക്കാനാണ് തീരുമാനം.

നിലവിൽ ലക്ഷദ്വീപിൽ സ്പെഷ്യൽ ടീച്ചർമാർ നേരിടുന്ന സേവന അനിശ്ചിതത്വം, ഒഴിവുകൾ കൃത്യമായി തിരിച്ചറിയൽ, യോഗ്യതയും അംഗീകാരവും അനുസരിച്ചുള്ള നിയമനം, തുടർച്ചയായ സേവന പിന്തുണ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ സുപ്രീംകോടതിയുടെ നിയമപരമായ പരിശോധനയ്ക്ക് വിധേയമാകും. സ്പെഷ്യൽ എജ്യൂക്കേഷൻ എന്നത് കേവലം ഒരു താൽക്കാലിക ജോലിക്രമീകരണം മാത്രമല്ലെന്നും, അതിതീവ്ര പരിഗണന അർഹിക്കുന്ന കുട്ടികളുടെ അടിസ്ഥാന ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണെന്നും അധ്യാപകരും അഭിഭാഷകരും വ്യക്തമാക്കുന്നു.

സൈനുദ്ദീൻ UP-യുടെ വക്കാലത്ത് സമർപ്പണത്തോടെ ആദ്യഘട്ട നടപടികൾ പൂർത്തിയായ പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ ദ്വീപിലെ മറ്റു സ്പെഷ്യൽ ടീച്ചർമാരെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസിൽ കക്ഷികളാക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശവും അതോടൊപ്പം അധ്യാപകരുടെ അധ്വാനത്തിന് അർഹമായ സേവനസുരക്ഷയും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷദ്വീപിൽ നിന്നുള്ള ഈ നിർണായക നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here