കവരത്തി: ​ലക്ഷദ്വീപിൽ സെപ്റ്റംബർ 22 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് നൽകിയ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (DDMA) പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

​മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും, ചില അവസരങ്ങളിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മോശം കാലാവസ്ഥ മുന്നിൽ കണ്ട് കടൽമാർഗ്ഗമുള്ള യാത്രകൾക്കും തീരദേശ പ്രവർത്തനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

​കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ പ്രഖ്യാപിത കാലയളവിൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും കടലോരത്തെ വിനോദസഞ്ചാര പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും നിർദ്ദേശമുണ്ട്.

​അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും ഡിഡിഎംഎ സിഇഒയുമായ ജഗദീഷ് ശർമ്മയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഫിഷറീസ് വകുപ്പ് ഡയറക്ടർ, പോർട്ട് ഷിപ്പിംഗ് ആന്റ് ഏവിയേഷൻ ഡയറക്ടർ, കൂടാതെ എല്ലാ ഡെപ്യൂട്ടി കളക്ടർമാർ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ എന്നിവർക്കും നിർദ്ദേശം കൈമാറിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here