
കല്പേനി: 35 മത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ പങ്കെടുത്ത ശേഷം സ്വന്തം നാടായ കിൽത്താനിലേക്ക് മടങ്ങുന്നതിന് മുൻപായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ ശുചീകരണ പ്രവർത്തനം മാതൃകയായി. മുഹിയുദ്ദീൻ പള്ളിയുടെ പരിസരം വൃത്തിയാക്കിക്കൊണ്ടാണ്, പരിസ്ഥിതി ബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച ഉദാഹരണം കാഴ്ചവെച്ചത്.
കായിക മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള തങ്ങളുടെ വിശ്രമവേളകൾ ശുചിത്വത്തിനായി മാറ്റിവെച്ച വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഈ പ്രവൃത്തി ഏറെ പ്രശംസ പിടിച്ചുപറ്റി. പരിസരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളും ഉണങ്ങിയ മടലുകളും ചവറുകളും ശേഖരിച്ച് നീക്കം ചെയ്യുകയും പള്ളിയങ്കണം മനോഹരമാക്കുകയും ചെയ്തു.
കായികരംഗത്തെ മികവിനൊപ്പം തന്നെ ശുചിത്വ ബോധവും സാമൂഹിക ഉത്തരവാദിത്തവും കൈമുതലാക്കിയ ഈ വിദ്യാർത്ഥിക്കൂട്ടവും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകിയ അധ്യാപകരും ദ്വീപ് സമൂഹത്തിന് തന്നെ വലിയൊരു പ്രചോദനമാണ് നൽകുന്നത്.
















