കവരത്തി: ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് സ്റ്റേറ്റ് ഫുഡ് കമ്മീഷൻ പുനഃസംഘടിപ്പിച്ച് ഔദ്യോഗിക ഉത്തരവിറങ്ങി. 2013-ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 40, സബ് സെക്ഷൻ (1) നൽകുന്ന അധികാരങ്ങളും, 2016-ലെ ലക്ഷദ്വീപ് ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പത്താം ചട്ടവും പ്രകാരമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പുതിയ കമ്മീഷനെ പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ അനുമതിോടെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറിയായ ഡോ. എ.എസ്. ശിവകുമാർ ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

പുതിയ ഭരണസമിതി പ്രകാരം അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് കമ്മീഷന്റെ ചെയർമാൻ പദവി അലങ്കരിക്കും. ലക്ഷദ്വീപ് സോഷ്യൽ വെൽഫെയർ ഡയറക്ടർ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കമ്മീഷനിൽ നിയമ വകുപ്പ് സെക്രട്ടറി, ആരോഗ്യ-ആയുഷ് വകുപ്പ് സെക്രട്ടറി എന്നിവർ ഔദ്യോഗിക അംഗങ്ങളായിരിക്കും. കൂടാതെ കവരത്തി വിദ്യാഭ്യാസ വകുപ്പിലെ എജ്യുക്കേഷൻ ഓഫീസറായ എസ്.എം.സി.പി. സുബൈദാബീവി, കവരത്തി ഐ.ജി.എച്ച് സെൻട്രൽ ഹെൽത്ത് സർവീസിലെ സി.എം.ഒ ഡോ. എം.കെ. സൗദാബി എന്നിവരെയും കമ്മീഷൻ അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.

പുതിയതായി നിലവിൽ വന്ന സ്റ്റേറ്റ് ഫുഡ് കമ്മീഷന്റെ കാലാവധി അഞ്ച് വർഷമായിരിക്കുമെന്നും അല്ലെങ്കിൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പുതിയ ഉത്തരവുകൾ ഉണ്ടാകുന്നത് വരെയായിരിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് സുതാര്യമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുവിതരണ സംവിധാനങ്ങളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പായാണ് ഈ പുനഃസംഘടനയെ ലക്ഷദ്വീപ് ഭരണകൂടം കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here