
കവരത്തി: ലക്ഷദ്വീപിൽ തടവുകാരുടെ സുരക്ഷിത തടങ്കലും പരിഷ്കരണവും ലക്ഷ്യമിട്ടുകൊണ്ട് സമഗ്രമായ പുതിയ കരട് നിയമമായ ‘ലക്ഷദ്വീപ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് റെഗുലേഷൻ, 2026’ ഭരണകൂടം പ്രഖ്യാപിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിലവിലുണ്ടായിരുന്ന കാലഹരണപ്പെട്ട നിയമങ്ങൾക്ക് പകരമായി സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനാണ് പുതിയ കരട് നിയമം തയ്യാറാക്കിയിട്ടുള്ളത് എന്ന് ഭരണകൂടം വ്യക്തമാക്കുന്നു. തടവുകാരുടെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തിരുത്തലും സമൂഹത്തിലേക്കുള്ള ക്രിയാത്മകമായ പുനരധിവാസവും മുൻനിർത്തിയാണ് ഈ പുതിയ റെഗുലേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് കരട് നിയമത്തിന്റെ ആമുഖത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിവരങ്ങളും തേടുന്നതിനായി ലക്ഷദ്വീപ് ഭരണകൂടം ഔദ്യോഗികമായി പബ്ലിക് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
തടവുകാരുടെ സുരക്ഷിത തടങ്കൽ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യ വിലയിരുത്തലുകൾ, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, നിയമപരമായ സൗജന്യ സഹായങ്ങൾ എന്നിവയ്ക്ക് പുതിയ കരട് നിയമത്തിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കുറ്റവാളികളെ അവരുടെ പ്രായം, ലിംഗഭേദം, കുറ്റകൃത്യത്തിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ കൃത്യമായി തരംതിരിച്ച് പാർപ്പിക്കാനും ഹൈ റിസ്ക് തടവുകാർക്കും സ്ഥിര കുറ്റവാളികൾക്കും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും വ്യവസ്ഥകളുണ്ട്. കൂടാതെ, ജയിലുകളിൽ ആധുനിക സാങ്കേതിക വിദ്യകളായ ബയോമെട്രിക് സംവിധാനങ്ങൾ, സി.സി.ടി.വി നിരീക്ഷണം, ആർ.എഫ്.ഐ.ഡി ട്രാക്കിംഗ്, സെല്ലുലാർ ജാമറുകൾ എന്നിവ ഉൾപ്പെടുത്താനും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ജയിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ കൈവശം വെക്കുന്നവർക്കുമെതിരെ കർശനമായ ശിക്ഷാനടപടികളും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ ജയിലുകളിൽ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും, മാനുവൽ സ്കാവെഞ്ചിംഗ് പോലുള്ള അശാസ്ത്രീയവും അപകടകരവുമായ തൊഴിലുകൾ പൂർണ്ണമായി ഒഴിവാക്കുമെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കുള്ള അവകാശങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതോടൊപ്പം വനിതാ തടവുകാർക്കും ട്രാൻസ്ജെൻഡർ തടവുകാർക്കും പ്രത്യേക സുരക്ഷിത വാർഡുകളും സംവിധാനങ്ങളും ഒരുക്കാനും വ്യവസ്ഥയുണ്ട്. പരോൾ, ഫർലോ, മുൻകൂട്ടിയുള്ള വിടുതൽ എന്നിവയ്ക്കുള്ള കർശന മാനദണ്ഡങ്ങളും അണ്ടർ ട്രയൽ റിവ്യൂ കമ്മിറ്റികളുടെ രൂപീകരണവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരത്തോടെ ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോട്ടോക്കോൾ വകുപ്പ് ഡയറക്ടർ ജഗദീഷ് ശർമ്മയാണ് ഈ പൊതുവിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഈ കരട് നിയമത്തിൽ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ ഉള്ളവർക്ക് വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനകം രജിസ്റ്റർ ചെയ്ത തപാൽ വഴിയോ lak-gap@utl.gov.in എന്ന ഇമെയിൽ വിലാസം വഴിയോ കവരത്തിയിലെ ലക്ഷദ്വീപ് ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോട്ടോക്കോൾ ഡയറക്ടർക്ക് അയക്കാവുന്നതാണെന്ന് ഭരണകൂടം അറിയിച്ചു.
















